Advertisement
Entertainment
പരസ്യത്തിന് വേണ്ടി സാരിയുടുത്ത് നിന്ന എന്നെ അച്ഛൻ ആ സിനിമയുടെ ഓഡിഷനിൽ കൊണ്ടുപ്പോയി, അതൊരു വഴിത്തിരിവായി: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 05:57 am
Monday, 10th February 2025, 11:27 am

ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് പ്രിയാമണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മലയാളമടക്കമുള്ള വിവിധ ഭാഷകളിൽ പ്രിയാമണി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിൽ ഗ്രാൻഡ്മാസ്റ്റർ, തിരക്കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ ചെയ്ത പ്രിയാമണിയുടെ ഏറ്റവും പുതിയ മലയാള ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ആണ്.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുട്ടിക്കാലമായിരുന്നു തന്റേതെന്നും അമ്മ ലതാമണി ഒരു ബാഡ്മിന്റൺ പ്ലെയർ ആയിരുന്നുവെന്നും പ്രിയാമണി പറയുന്നു.

നടി വിദ്യ ബാലൻ തന്റെ ബന്ധുവാണെന്നും പ്രിയാമണി പറയുന്നു. ഒരു പരസ്യത്തിന് വേണ്ടി സാരി ഉടുത്ത് നിൽക്കുമ്പോഴാണ് സംവിധായകൻ ഭാരതിരാജയുടെ കൺകളാൽ കൈതി സെയ് എന്ന സിനിമയിലേക്ക് നായികയെ തേടുന്ന കാര്യം അറിഞ്ഞതെന്നും അങ്ങനെയാണ് സിനിമയുടെ ഓഡിഷനിൽ പോവുന്നതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

‘സിനിമയുടെ എ.ബി.സി.ഡി അറിയാത്ത കുട്ടിക്കാലത്തിലൂടെ കടന്ന് വന്നയാളാണ് ഞാൻ. അമ്മ ലതാമണിയുടെ വീട് തിരുവനന്തപുരത്താണ്. അച്ഛൻ വാസുദേവമണി പാലക്കാട് സ്വദേശി. ഞാൻ ജനിച്ചതിന് ശേഷമാണ് അച്ഛനും അമ്മയും ബെംഗളൂരുവിലേക്ക് താമസം മാറിയത്. പാലക്കാടുമായുള്ള ബന്ധങ്ങളെല്ലാം ഇപ്പോൾ ഫോണിലൂടെ നിലനിർത്തുന്നു. ബോളിവുഡ് നടി വിദ്യ ബാലൻ എൻ്റെ ബന്ധുവാണ്. വിദ്യയുടെ അച്ഛനെ അടുത്തിടെ മുംബൈയിൽ വച്ചു കണ്ടു. വിദ്യയെ കണ്ടിട്ട് ഏറെ നാളായി.

 

 

അമ്മ ദേശീയതലത്തിൽ ബാഡ്മിന്റൺ പ്ലെയറായിരുന്നു. ഒരുപക്ഷേ, ഞാനും ആ വഴിയിലൊക്കെ എത്തിച്ചേരുമെന്നായിരുന്നു മറ്റുള്ളവരുടെ പ്രതീക്ഷ. സ്പോർട്സും അഭിനയവുമല്ല, സ്കൂ‌ളിൽ പഠിക്കുന്ന കാലത്ത് ഡാൻസിനോടായിരുന്നു എനിക്കു താത്പര്യം. പക്ഷേ, കോളജിൽ എത്തിയതോടെ ആ ഇഷ്‌ടം മാറി. മോഡലിങ്ങിനോട് ക്രേസ് ആയി. ഫോട്ടോഷൂട്ടിലൂടെയാണ് തുടക്കം. പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത് സിനിമയിലേക്ക് വഴിത്തിരിവായി.

ഒരു പരസ്യത്തിനു വേണ്ടി സാരിയുടുത്തു നിൽക്കുമ്പോഴാണ് ഭാരതിരാജയുടെ ‘കൺകളാൽ കൈതി സെയ്’ എന്ന സിനിമയിലേക്ക് നായികയെ തിരയുന്ന വിവരം അറിഞ്ഞത്. അച്ഛൻ എന്നെയും കൂട്ടി അദ്ദേഹത്തിന്റെയടുത്തു ചെന്നു. അപ്പോഴേക്കും അവിടെ നിരവധി പെൺകുട്ടികൾ വന്നു പോയിരുന്നു.

എന്നോട് കുറച്ചുനേരം വർത്തമാനം പറഞ്ഞ ഉടനെ ഭാരതിസാർ ഓകെ പറഞ്ഞു. അന്ന് അവിടെ എന്താണ് സംഭവിച്ചത് പിന്നീടൊരിക്കൽ ആ സിനിമയുടെ തിരക്കഥാകൃത്ത് പ്രേം സാറാണ് വെളിപ്പെടുത്തിയത്. ദാവണിയുടുത്ത, മേക്കപ്പ് ഇല്ലാത്ത ഗ്രാമീണ പെൺകുട്ടിയെയാണ് ഭാരതി സാർ അന്വേഷിച്ചിരുന്നത്. അപ്പോഴാണ് പരസ്യചിത്രത്തിന് വേണ്ടി സാരിയുടുത്തു മുല്ലപ്പൂവ് ചൂടി ഞാൻ മുന്നിലെത്തിയത്,’പ്രിയാമണി പറയുന്നു.

Content Highlight: Priyamani About Her First Film