Entertainment
നായികയല്ലെന്നറിഞ്ഞിട്ടും ആ മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചത് അവരുടെ ലെജൻഡറി ട്രാക്കുകൾ കണ്ടിട്ടാണ്: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 02:27 am
Monday, 3rd February 2025, 7:57 am

ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് പ്രിയാമണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി മലയാളമടക്കമുള്ള വിവിധ ഭാഷകളിൽ പ്രിയാമണി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിൽ ഗ്രാൻഡ്മാസ്റ്റർ, തിരക്കഥ, പ്രാജിയേട്ടൻ ആൻഡ് ദി സെയിന്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ ചെയ്ത പ്രിയാമണിയുടെ ഏറ്റവും പുതിയ മലയാള ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി‘ ആണ്.

നേര് എന്ന മോഹൻലാൽ ചിത്രത്തിലാണ് പ്രിയാമണി മലയാളത്തിൽ അവസാനം എത്തിയത്. നായികയല്ലെന്നറിഞ്ഞിട്ടും നേരിൽ അഭിനയിക്കാൻ കാരണം ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് മുമ്പ് ചെയ്തിട്ടുള്ള വർക്കുകളാണെന്നും നായികയ്ക്ക് തുല്യമായ വേഷമാണെന്നാണ് ജീത്തു ജോസഫ് തന്നോട് പറഞ്ഞതെന്നും പ്രിയാമണി പറയുന്നു. വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ഓഫീസർ ഓൺ ഡ്യൂട്ടിയെ കുറിച്ചും പ്രിയാമണി കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു പ്രിയാമണി.

നായികയല്ലെന്ന് അറിഞ്ഞിട്ടും നേരിൽ അഭിനയിക്കാൻ കാരണം അണിയറക്കാർ സ്യഷ്‌ടിച്ച ലെജൻഡറി ട്രാക്കുകളാണ്
– പ്രിയാമണി

‘നായികയല്ലെന്ന് അറിഞ്ഞിട്ടും ആ സിനിമയിൽ പങ്കുചേരാൻ കാരണം അണിയറക്കാർ സ്യഷ്‌ടിച്ച ലെജൻഡറി ട്രാക്കുകളാണ്. സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ നായികയ്ക്ക് തുല്യമായ കഥാപാത്രമാണെന്ന് സംവിധായകൻ ജീത്തു സാർ ഓർമിപ്പിച്ചിരുന്നു. പിന്നെ കഥകേട്ടും ത്രില്ലടിച്ചു. ലാൽ സാറിനെതിരെ കോടതിയിൽ വാദിക്കുന്ന രംഗങ്ങളൊക്കെ ഉണ്ടെന്ന് കേട്ട് ആവേശം കൂടി.

ലാൽസാറിനൊപ്പം ആറു ദിവസത്തെ കോമ്പിനേഷൻ രംഗങ്ങളാണുണ്ടായിരുന്നത്. ഒട്ടുമിക്കതും കോടതി സീനുകൾ. ഗ്രാൻഡ്മാസ്റ്ററിലാണ് ലാൽസാറിൻ്റെ കൂടെ മുമ്പ് അഭിനയിച്ചത്. നേരിൻ്റെ സെറ്റിൽ വീണ്ടുമൊരു ഒത്തു ചേരൽ ഏറെ സന്തോഷം നൽകി.

അവധിക്കാല യാത്രയ്ക്ക് അമേരിക്കയിൽ പോയപ്പോഴാണ് എൻ്റെ മാനേജർ ഷനിം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ കഥയെക്കുറിച്ചുപറഞ്ഞത്. ഫോണിൽക്കൂടി കേട്ട കഥയായത് കൊണ്ട് കൂടുതൽ വ്യക്തതയ്ക്ക് വീണ്ടും വിളിച്ച് അന്വേഷിച്ചു. സന്തോഷത്തോടെ കഴിയുന്ന കുടുംബമെന്ന് മറ്റുള്ളവർക്കു തോന്നുന്ന ഒരു വീട്ടിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ. ചാക്കോച്ചന്റെ ഭാര്യ ഗീതുവിന്റെ വേഷമാണെനിക്ക്.

നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിലെ കുടുംബങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ഷാഹി കബീർ സുന്ദരമായി എഴുതിയിട്ടുണ്ട്. ജിത്തു അഷ്റഫാണ് സംവിധായകൻ, മാർട്ടിൻ്റെ പ്രൊഡക്‌ഷൻ ഹൗസ് നിർമിക്കുന്നു. ഏറെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന പ്രമേയവും ആവിഷ്കാരവുമാണ്. വി ആർ വെയിറ്റിങ് ഫോർ ദി ക്ലാപ്‌സ്,’പ്രിയാമണി പറയുന്നു.

Content Highlight: Priyamani About Her Character In Neru Movie