| Tuesday, 2nd January 2024, 9:24 pm

'അയ്യോ കഴിഞ്ഞോ, ഇനി പ്രിയാമണി കാണില്ലേ' ;എന്ന് മോഹൻലാൽ സാർ: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലും പ്രിയാമണിയും ഗ്രാൻഡ് മാസ്റ്ററിന് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് നേര്. ഗ്രാൻഡ് മാസ്റ്ററിൽ നിന്നും നേരിലേക്ക് എത്തുമ്പോൾ മോഹൻലാൽ എന്ന വ്യക്തിക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ അങ്ങനെയൊരു മാറ്റം കണ്ടിട്ടില്ലെന്നായിരുന്നു പ്രിയാമണിയുടെ മറുപടി.

നേരിൽ തങ്ങളുടെ കോമ്പിനേഷൻ സീനുകൾ വെറും ആറ് ദിവസം കൊണ്ട് തീർത്തെന്നും പ്രിയാമണി പറഞ്ഞു. ഇനി താൻ സെറ്റിൽ കാണില്ലേയെന്ന് കോമ്പിനേഷൻ സീൻ കഴിഞ്ഞപ്പോൾ മോഹൻലാൽ ചോദിച്ചെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.

‘മോഹൻലാൽ സാറിൽ ഒരു മാറ്റവും ഞാൻ കണ്ടിട്ടില്ല. അന്ന് ഞാൻ കണ്ടപോലെ തന്നെയായിരുന്നു. നല്ല ഒരു മനുഷ്യനാണ്. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന വളരെ ഡൗൺ റ്റു എർത് ആയിട്ടുള്ള ഒരാൾ. ഞങ്ങൾ നേര് ഷൂട്ട് ചെയ്യുന്ന സമയത്ത് ജവാൻ റിലീസ് ആയിരുന്നു. ‘ജവാൻ കണ്ടു നന്നായിട്ടുണ്ട്’ എന്നൊക്കെ മോഹൻലാൽ എന്നോട് പറഞ്ഞു. ഞങ്ങൾ കുറെ നേരം ജവാനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം നല്ല ഫൺ ആയിട്ടുള്ള ഒരാളാണ്.

നേരിലെ ഞങ്ങളുടെ കോമ്പിനേഷൻ സീൻ ആറു ദിവസം കൊണ്ടാണ് തീർത്തത്. ശട പടെ എന്ന രീതിയിൽ പെട്ടെന്ന് എല്ലാം തീർന്നു. ‘അയ്യോ കഴിഞ്ഞോ, ഇനി പ്രിയാമണി കാണില്ലേ’ എന്നാണ് സാർ എന്നോട് ചോദിച്ചത്. എനിക്ക് അറിയില്ല സാർ, ക്യാരക്ടർ ഇത്രയേ ഉള്ളൂ എന്ന് ഞാൻ മറുപടിയും പറഞ്ഞു. അപ്പോൾ തന്നെ ജീത്തു സാറിനെ വിളിച്ചു ‘ അയ്യോ ജീത്തു, കോമ്പിനേഷൻ ഇനി ഇല്ലേ, കഴിഞ്ഞോ’ എന്ന് ചോദിച്ചിരുന്നു. മോഹൻലാൽ സാർ ഭയങ്കര സ്വീറ്റാണ്. ദൈവം അനുഗ്രഹിക്കട്ടെ.’ പ്രിയാമണി പറഞ്ഞു.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരിൽ പ്രിയാമണിയും അഭിഭാഷകയായി എത്തിയിട്ടുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇവർക്ക് പുറമെ ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Priyamani about combination scene with mohanlal

We use cookies to give you the best possible experience. Learn more