രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് ചെന്നൈ എക്‌സ്‌പ്രെസ്. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സില്‍ തെന്നിന്ത്യന്‍ താരം പ്രിയാമണിയും അഭിനയിച്ചിരുന്നു. സിനിമയുടെ ഭാഗമായതിനെ പറ്റി സംസാരിക്കുകയാണ് പ്രിയാമണി.
രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നും കോള്‍ വന്നപ്പോള്‍ അതൊരു പ്രാങ്കാണെന്നാണ് ആദ്യം വിചാരിച്ചിരുന്നതെന്നും കളിപ്പിക്കുകയല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മുംബൈയിലേക്ക് പോയതെന്നും ഗുള്‍ട്ടി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.
‘2013ലാണ് എനിക്ക് രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നും കോള്‍ വരുന്നത്. അത് ഒരു പ്രാങ്ക് കോളായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. രോഹിത് ഷെട്ടിയെ പോലെ വലിയൊരു സംവിധായകന്റെ ഓഫീസില്‍ നിന്നും എന്നെ എന്തിനാണ് വിളിക്കുന്നത്.
ഞാന്‍ ആ നമ്പര്‍ എന്റെ മാനേജര്‍ക്ക് കൊടുത്തിട്ട് ഇത് ആദ്യം ജെനുവിന്‍ കോളാണോ എന്ന് പരിശോധിക്കാന്‍ പറഞ്ഞു. പിറ്റെ ദിവസം മാനേജര്‍ കാര്യങ്ങളെല്ലാം അന്വേഷിച്ചിട്ട് എന്നോട് സംസാരിച്ചു. ഇത് ശരിക്കുമുള്ള കോള്‍ തന്നെയാണ്, രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നുമാണെന്ന് പറഞ്ഞു. ഒരു പാട്ടിന് വേണ്ടിയാണ് വിളിക്കുന്നത്, ഷാരൂഖാനൊപ്പമാണ് പാട്ട്. ഞാന്‍ മരിച്ചു. അദ്ദേഹത്തോടൊപ്പം ഒരേ വായുവെങ്കിലും ശ്വസിക്കുക എന്ന ജീവിതകാല മോഹം സത്യമാവാന്‍ പോവുകയാണ്.
അങ്ങനെ ഞാനും മാനേജരും കൂടി മുംബൈക്ക് പോയി. രോഹിത് ഷെട്ടിയെ കണ്ടു. ഞാനെന്നൊരു വ്യക്തി ഉണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് മനസിലായതെന്നാണ് ആദ്യം ചോദിച്ചത്. പുനീത് രാജ്കുമാറിനൊപ്പമുള്ള എന്റെ ഒരു കന്നഡ പാട്ട് അദ്ദേഹം കണ്ടിരുന്നു.
ചെന്നൈ എക്‌സ്‌പ്രെസിലെ ഡാന്‍സിന്റെ സാഹചര്യം എനിക്ക് വിവരിച്ചുതന്നു. ഡാന്‍സ് കളിക്കുമ്പോഴും അതിന് മുമ്പും ശേഷവും എന്തൊക്കെ നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഡാന്‍സ് കളിക്കുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല, പക്ഷേ ഞാനൊരു ബാക്ക്ഗ്രൗണ്ട് ഡാന്‍സറാവില്ലെന്നാണ് വിചാരിക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരണം വലിയ ആളുകളാണ് ഈ സിനിമയിലുള്ളത്, ദീപിക ഈ പാട്ടില്‍ ഇല്ലെന്ന് അപ്പോള്‍ എനിക്ക് അറിയില്ല.
ഇല്ല, ഈ പാട്ടില്‍ നിങ്ങള്‍ രണ്ട് പേരുമാണുള്ളത്, ദീപിക അവിടെ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒകെ, ഞാന്‍ എവിടെയാണ് സൈന്‍ ചെയ്യേണ്ടത് ഇപ്പോള്‍ തന്നെ ചെയ്യാമെന്നാണ് ഞാന്‍ പറഞ്ഞത്,’ പ്രിയാമണി പറഞ്ഞു.
Content Highlight: priyamani about chennai express movie song