ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങൾ പലതും അണിയിച്ചൊരുക്കിയിട്ടുണ്ട്.
സ്ലാപ്സ്റ്റിക്ക് തമാശകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയദർശൻ കാഞ്ചിവരം,കാലാപാനി തുടങ്ങിയ ശ്രദ്ധേയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന് ഇന്നും വലിയ ആരാധകരുണ്ട്.
എല്ലാ കാലത്തും പ്രേക്ഷർക്ക് വർക്കാവുന്ന പ്ലോട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. രക്ഷിക്കാൻ കഴിയാതെ മരിച്ചുപോകുന്ന പ്രധാന കഥാപാത്രത്തിന്റെ കഥ എന്നും വർക്ക് ഔട്ടാവുന്ന വിഷയമാണെന്നും അത്തരത്തിൽ സൂപ്പർഹിറ്റായ നിരവധി സിനിമകൾ ഉണ്ടെന്നും പ്രിയദർശൻ പറയുന്നു. ഇഷ്ടമുള്ള ഒരാളെ നിവൃത്തികേട് കൊണ്ട് പിരിഞ്ഞുപോകേണ്ടി വരുന്ന നുണ കഥയാണ് പിന്നെ ‘ചിത്രം‘ എന്ന സൂപ്പർഹിറ്റ് സിനിമയായതെന്നും തന്റെ കഥകളെല്ലാം പുളുവാണെന്നും ഒരിക്കലും നടക്കാത്തതാണെന്നും നടൻ നെടുമുടി വേണു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരം കഥകൾ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിന്റെ കഥകളെല്ലാം പുളു കഥകളാണ്, ഇതൊന്നും എവിടെയും സംഭവിക്കില്ലായെന്ന് ഒരിക്കൽ നെടുമുടി വേണു പറഞ്ഞിട്ടുണ്ട്
– പ്രിയദർശൻ
‘വേണു ചേട്ടനോട് ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്റെ മനസിൽ ചില പ്ലോട്ടുകൾ എപ്പോഴും വർക്ക് ഔട്ട് ആവുമെന്ന്. അതിൽ ഒന്ന് ലൗ ട്രയാങ്കിളാണ്, പിന്നെ അച്ഛനും മകനും തമ്മിലുള്ള കോൺഫ്ലിക്റ്റ്. ഇതൊക്കെ എല്ലാകാലത്തും വർക്കാവുന്ന ചില പ്ലോട്ടുകളാണ്. അതിലൊന്നാണ് രക്ഷിക്കാൻ കഴിയാതെ, ക്യാൻസർ വന്ന് മരിക്കുന്ന പ്രധാന കഥാപാത്രം.
അത്തരത്തിൽ വന്ന് സൂപ്പർ ഹിറ്റായ ഒരുപാട് സിനിമകളുണ്ട്. ‘മദനോത്സവം’ തൊട്ട് ഹിന്ദിയിലെ ‘ആനന്ദ്’ ഇതൊക്കെ അതിന് ഉദാഹരണമാണ്. കുറെ സിനിമകളുണ്ട്. അവയിൽ പലതും സൂപ്പർ ഡ്യുപ്പർ ഹിറ്റുകളാണ്. ആളുകൾ കരഞ്ഞിറങ്ങുന്ന സിനിമകളായിരുന്നു അതെല്ലാം. അതുകേട്ടപ്പോൾ വേണു ചേട്ടൻ എന്നോട് പറഞ്ഞു, അത് വളരെ ഔട്ട് ഡേറ്റഡായിട്ടുള്ള സബ്ജക്റ്റാണെന്ന്. ഇനി അത് വർക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മനസുകൊണ്ട് ഇഷ്ടപെടുന്ന ഒരാൾ നിവൃത്തിയില്ലാതെ നമ്മളെ പിരിഞ്ഞ് പോവുന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയാണ് ഞാൻ ‘ചിത്രം’ എന്ന പുളു കഥയുണ്ടാക്കുന്നത്. തീർച്ചയായും അങ്ങനെ ഒരിക്കലും സംഭവിക്കില്ല. വേണു ചേട്ടൻ എന്നോട് പറഞ്ഞത്, നിന്റെ കഥകളെല്ലാം പുളു കഥകളാണ്, ഇതൊന്നും എവിടെയും സംഭവിക്കില്ലായെന്നാണ്.
പക്ഷെ അത് പറഞ്ഞ് വിശ്വസിപ്പിക്കുകയെന്നതാണ് പ്രധാനം. അതിന്റെ ഏറ്റവും അവസാനമായിരുന്നു തേന്മാവിൻ കൊമ്പത്ത്. കാരണം അങ്ങനെയൊരു നാടുമില്ല, കഥയുമില്ല, അങ്ങനെയുള്ള ആളുകളുമില്ല,’പ്രിയദർശൻ പറയുന്നു.
Content Highlight: Priyadharshan About Story Of Chithram Movie