കുറെ സിനിമകളുടെ കാസറ്റുകള്‍ വാങ്ങി അതിലെ സീനുകള്‍ മോഷ്ടിക്കുവാന്‍ തോന്നി; പെട്ടെന്ന് ശ്രീനിയേട്ടനെ ഓര്‍മ വന്നു: പ്രിയദര്‍ശന്‍
Entertainment
കുറെ സിനിമകളുടെ കാസറ്റുകള്‍ വാങ്ങി അതിലെ സീനുകള്‍ മോഷ്ടിക്കുവാന്‍ തോന്നി; പെട്ടെന്ന് ശ്രീനിയേട്ടനെ ഓര്‍മ വന്നു: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 10:57 pm

തന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി ഇറങ്ങി രണ്ടാമത്തെ സിനിമയെടുക്കാന്‍ കഥയില്ലാതെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. കുറെ സിനിമകളുടെ കാസറ്റുകള്‍ വാങ്ങി അതിലെ സീനുകള്‍ മോഷ്ടിക്കുവാന്‍ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ആ സമയത്ത് ഓര്‍മ വന്നത് ശ്രീനിവാസനെയാണെന്നും ഒരു റോള്‍ കൊടുത്താല്‍ ശ്രീനി തിരക്കഥയെഴുതി സഹായിക്കുമെന്ന് താന്‍ വിചാരിച്ചുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തിരക്കഥ എഴുതിയാല്‍ പടം നടക്കും ഇല്ലെങ്കില്‍ മുടങ്ങുമെന്ന് ശ്രീനിവാസനോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ശ്രീനിവാസന്‍ തിരക്കഥയെഴുതാന്‍ സമ്മതിച്ചെന്നും അദ്ദേഹം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആദ്യത്തെ സിനിമ കഴിഞ്ഞപ്പോല്‍ പിന്നെ അടുത്തത് ചെയ്യാന്‍ എന്റെ കയ്യിലൊന്നുമില്ല എന്ന് ഞാന്‍ മനസിലാക്കി. ഏതൊരു സംവിധായകന്റെയും നിര്‍ണ്ണായകഘട്ടമാണ് അയാളുടെ രണ്ടാമത്തെ സിനിമ.

എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ മദ്രാസിലേക്ക് പോയി. അപ്പോള്‍ എന്റെ കയ്യില്‍ കഥയുണ്ടായിരുന്നില്ല. മനസ് ശൂന്യമായിരുന്നു. അവസാനം കുറെ സിനിമകളുടെ കാസറ്റുകള്‍ വാങ്ങി അതിലെ സീനുകള്‍ മോഷ്ടിക്കുവാന്‍ തോന്നി.

എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ജോഷിക്കും ഐ. വി ശശിക്കുമെല്ലാം കഥയെഴുതി കൊടുക്കാന്‍ ആളുണ്ട് എന്നാല്‍ എനിക്ക് ആരുമില്ലായിരുന്നു. പക്ഷെ രണ്ടാമത്തെ സിനിമ ചെയ്തില്ലെങ്കില്‍ എന്റെ ചലച്ചിത്ര ജീവിതം അവസാനിക്കും.

പെട്ടെന്നാണ് എനിക്ക് ശ്രീനിയേട്ടനെ ഓര്‍മ വന്നത്. ഒരു റോള്‍ കൊടുത്താല്‍ ശ്രീനി തിരക്കഥയെഴുതി സഹായിക്കുമെന്ന് വിചാരിച്ചു ഞാന്‍. പിന്നീട് ഷൂട്ടിങ് തുടങ്ങി, ശ്രീനി വന്നു. എന്നിട്ട് എന്നോട് തിരക്കഥ ചോദിച്ചപ്പോള്‍ ഞാന്‍ ചിരിയൊതുക്കാന്‍ പാടുപ്പെട്ടു.

തിരക്കഥ എഴുതിയാല്‍ പടം നടക്കും ഇല്ലെങ്കില്‍ മുടങ്ങും എന്ന് ഞാന്‍ ശ്രീനിയോട് പറഞ്ഞു. വേറെ വഴിയില്ലാത്തതുകൊണ്ട് ശ്രീനി അത് സമ്മതിച്ചു. റൈറ്റിങ് പാഡും പേനയും കൊടുത്തിട്ട് സീനെഴുതാന്‍ പറഞ്ഞു. ആ സിനിമയാണ് ഓടരുതമ്മാവാ ആളറിയാം.

അധികം തര്‍ക്കങ്ങളൊന്നുമില്ലാതെ ആ സിനിമ ഇറങ്ങി. അങ്ങനെ ഒരു സംവിധായകന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടം ഞാന്‍ അതിജീവിച്ചു,’ പ്രിയദര്‍ശന്‍ പറഞ്ഞു.

തന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ ശ്രീനിവാസനെ അഭിനയിപ്പിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍ തന്നെ ആദ്യ സിനിമയില്‍ ശ്രീനി അഭിനയിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയുടെ കഥ കേട്ടിട്ട് അത് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ശ്രീനിയാണ്. ആ പ്രചോദനമാണ് പിന്നീടുള്ള സിനിമകളില്‍ എനിക്ക് പ്രയോഗിക്കാന്‍ കഴിഞ്ഞത്,’ അദ്ദേഹം പറഞ്ഞു.

content highlight: priyadharshan about sreenivasan