| Monday, 19th June 2023, 11:22 pm

എല്ലാവരും ദുഖിച്ചിരിക്കുമ്പോള്‍ നെഗറ്റീവായി സംസാരിക്കുന്നതാണ് ആ രംഗം, അങ്ങനെ ചിന്തിക്കാന്‍ ശ്രീനിവാസനേ കഴിയൂ: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്റെ എഴുത്തുകള്‍ തന്നെയും സ്വാധീനിക്കാറുണ്ടെന്ന് പ്രിയദര്‍ശന്‍. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ എല്ലാവരും ദുഖിച്ചിരിക്കുന്ന സമയത്ത് ഒരു കഥാപാത്രം നെഗറ്റീവായി സംസാരിക്കുന്നുണ്ടെന്നും അത്തരത്തില്‍ ചിന്തിക്കാന്‍ ശ്രീനിവാസനേ സാധിക്കുകയുള്ളൂവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ശ്രീനിവാസന്റെ ഇന്‍ഫ്‌ളുവന്‍സ് ചില സ്ഥലങ്ങളില്‍ എനിക്കും ഉണ്ടാവാറുണ്ട്. വെള്ളാനകളുടെ നാട് സിനിമയില്‍ ബസ് മറിഞ്ഞ് പാലത്തില്‍ നിന്നും വീണ് പത്തറുപത് പേര് മരിക്കുന്നുണ്ട്. ഈ പാലം കെട്ടിയ കോണ്‍ട്രാക്ടര്‍മാര്‍ കൂടിയിരിക്കുകയാണ്. എന്ത് ചെയ്യും, ഇപ്പോള്‍ എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്നൊക്കെയാണ് പറയുന്നത്.

അപ്പോള്‍ കരമന ജനാര്‍ദ്ദനന്‍ ചോദിക്കുന്നുണ്ട്, ബസ് ഓവര്‍ലോഡാണെന്ന് പറഞ്ഞാലോ എന്ന്. എന്നിട്ട് അയാള്‍ സ്വയം പറയുകയാണ്, എന്നാലും എന്ത് ആവശ്യമാണ്? ഞായറാഴ്ച വെളുപ്പിന് ഇവന്മാര്‍ക്കൊക്കെ കൂടെ ഒരു ബസില്‍ കേറി പോവേണ്ട കാര്യമെന്താണെന്ന്.

എല്ലാവരും ദുഖിച്ചിരിക്കുന്ന സാഹചര്യത്തില്‍ നെഗറ്റീവായിട്ടുള്ള ആളുകള്‍ സംസാരിക്കുന്നതാണ്. അങ്ങനെ ചിന്തിക്കാന്‍ ശ്രീനിക്കെ കഴിയൂ. ശ്രീനിയുടെ ആ സ്വാധീനം ഞാന്‍ എഴുതുന്ന സിനിമകളിലും കുറേയൊക്കെ ഉണ്ടായിട്ടുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

1988ലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ വെള്ളാനകളുടെ നാട് പുറത്തിറങ്ങിയത്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മണിയന്‍പിള്ള രാജു നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗദീഷ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, എം.ജി. സോമന്‍, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി തുടങ്ങിയവരാണ് അഭിനയിച്ചത്.

Content Highlight: priyadarshan talks about vellanakalude naadu and sreenivasan

We use cookies to give you the best possible experience. Learn more