കഴിഞ്ഞ ദിവസം തിയേറ്ററിലെത്തി മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്. തിയേറ്ററില്‍ വലിയ വിജയമായി മുന്നേറുമ്പോള്‍ പ്രേമലുവിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമ കണ്ടിറങ്ങിയ ശേഷം മീഡിയകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂപ്പര്‍ ഫിലിം. എന്റര്‍ടൈന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്. പിന്നെ രസമുള്ള കാര്യം എന്താണെന്ന് ചോദിച്ചാല്‍, എല്ലാം ഫ്രഷായിട്ടുള്ളതായിരുന്നു. ഇതാണ് യങ്‌സ്റ്റേഴ്‌സ് സിനിമയെന്ന് പറയുന്നത്.
നല്ല എന്റര്‍ടൈനറായിരുന്നു. ഇതില്‍ കുറച്ച് വ്യത്യസ്തമായ ഹ്യൂമറായിരുന്നു. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. കുറച്ചുകൂടെ റിയലസ്റ്റിക്കാണ്. അതുകൊണ്ട് നല്ല ഫ്രഷായിട്ട് തോന്നി,’ പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രേമലുവിലെ നസ്‌ലെന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് അവനെ ഇഷ്ടമായെന്നും അവന്റെ പെര്‍ഫോമന്‍സ് സൂപ്പറാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഒപ്പം നസ്‌ലെനെ നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ആ പയ്യനെ ഇഷ്ടമായി. അവന് നന്നായി ചെയ്തു. നസ്‌ലെന്റെ പെര്‍ഫോമന്‍സ് സൂപ്പറാണ്. അവനെ ഒന്ന് കാണണം. കണ്ടിട്ട് ഒന്ന് കണ്‍ഗ്രാജുലേറ്റ് ചെയ്യണം,’ പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രേമലു പോലെയുള്ള ഒരു പ്രിയദര്‍ശന്‍ സിനിമ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
‘നമ്മുടെ ഒക്കെ ആ കാലം കഴിഞ്ഞില്ലേ. ഇനി പുതിയ പുതിയ ആളുകള്‍ ഇതുപോലെയുള്ള സിനിമകള്‍ എടുക്കട്ടെ. അതാണ് നമുക്ക് ഏറ്റവും ആഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് ആ സിനിമകള്‍ കാണും. അല്ലാതെ ഇനി ഇത്തരം സിനിമയെടുക്കലല്ല ജോലി,’ പ്രിയദര്‍ശന്‍ പറയുന്നു.
Content Highlight: Priyadarshan Talks About Naslen And Premalu Movie