ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ്‌സില്‍ മികച്ച ഒറിജിനല്‍ സോങ്ങിനും മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിമിനുമുള്ള പുരസ്‌കാരങ്ങള്‍ നേടി ആര്‍.ആര്‍.ആറും എലിഫന്റ് വിസ്പറേര്‍സും ഇന്ത്യയുടെ അഭിമാനമായിരുന്നു. ഇതോടെ മലയാള സിനിമക്ക് ഓസ്‌കാര്‍ അവാര്‍ഡ് എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച കണ്ടന്റ് നിര്‍മിക്കുന്ന ഇന്‍ഡസ്ട്രിയായിരുന്നിട്ടും മലയാള സിനിമ എന്തുകൊണ്ട് ഓസ്‌കാറിലേക്ക് എത്തുന്നില്ല എന്ന ചോദ്യം ഏറെ കാലമായി ഉയരുന്നതാണ്.
വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുകയാണ് നടന്‍ സിദ്ദീഖും സംവിധായകന്‍ പ്രിയദര്‍ശനും. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ നമുക്ക് മികച്ച സിനിമക്കുള്ള ഓസ്‌കാര്‍ ലഭിക്കാന്‍ സമീപഭാവിയിലെങ്കിലും സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം.
ഓസ്‌കാര്‍ നമ്മുടെ സിനിമക്ക് ഉള്ളതല്ലല്ലോ എന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. ‘അത് ഇംഗ്ലീഷ് സിനിമക്ക് ഉള്ളതാണ്. ബെസ്റ്റ് ഫോറിന്‍ ഫിലിം കാറ്റഗറിയിലാണ് മറ്റ് ഭാഷാ സിനിമകള്‍ക്ക് അവാര്‍ഡ് ലഭിക്കുന്നത്. ഓസ്‌കാര്‍ പ്രത്യേകിച്ചും അമേരിക്കന്‍ സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്.
ഇംഗ്ലീഷ് സിനിമകള്‍ക്ക് നമ്മള്‍ നാഷണല്‍ അവാര്‍ഡ് കൊടുക്കുമോ. അത് ഇന്ത്യന്‍ സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. ബെസ്റ്റ് ഫോറിന്‍ ഫിലിം എന്ന് പറഞ്ഞ് ഓസ്‌കാറില്‍ ഒരു കാറ്റഗറി മാത്രമേയുള്ളൂ. അതില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ കാണും,’ സിദ്ദീഖ് പറഞ്ഞു.
‘ഇതൊക്കെ സംഭവിക്കുന്നതാണ്. നാട്ടു നാട്ടുവിന് അവാര്‍ഡ് കിട്ടുമെന്ന് ആരെങ്കിലും വിചാരിച്ചോ. പക്ഷേ അത് സംഭവിച്ചു. മോശം സിനിമ എടുക്കാം എന്ന് പറഞ്ഞ് ആരും സിനിമ ചെയ്യില്ല. എല്ലാവരും അവരവരുടെ കഴിവിനൊത്ത് സിനിമയെടുക്കുന്നു,’ പ്രിയദര്‍ശന്‍ പറഞ്ഞു.
കൊറോണ പേപ്പേഴ്‌സാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദീഖും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.
Content Highlight: priyadarshan talks about naattu naattu song