|

ആ ഇന്ദ്രന്‍സ് ചിത്രം കാണാത്തവരായി ബോളിവുഡില്‍ ആരുമില്ല, ഇപ്പോഴും അതിനെ പറ്റി സംസാരിക്കും: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമക്ക് കിട്ടുന്ന ബഹുമാനം ഇന്ത്യയിലെ മറ്റൊരു ഇന്‍ഡസ്ട്രിക്കും ലഭിക്കില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നതിന് ശേഷം മലയാള സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങിയെന്നും ആര്‍.ആര്‍.ആര്‍ പോലെയുള്ള സിനിമകള്‍ എടുക്കാന്‍ കഴിവുള്ള സംവിധായകര്‍ മലയാളത്തിലുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിന്റെ പ്രസ് മീറ്റില്‍ വെച്ചായിരുന്നു പ്രിയദര്‍ശന്റെ പരാമര്‍ശങ്ങള്‍.

‘കേരളം എന്ന് പറയുന്നത് ഒരു ചെറിയ ഏരിയ ആണ്. മലയാളികള്‍ മാത്രമായിരുന്നു മലയാള സിനിമ കാണുന്നത്. ഒ.ടി.ടി വന്നതിന് ശേഷം മലയാള സിനിമക്ക് എക്‌സ്‌പോഷര്‍ കിട്ടി. ഞാന്‍ നോര്‍ത്ത് ഇന്ത്യയിലും മറ്റ് ഇന്‍ഡസ്ട്രിയിലും വര്‍ക്ക് ചെയ്യുന്നതുകൊണ്ട് എനിക്ക് അറിയാം, മലയാള സിനിമക്ക് കിട്ടുന്ന ബഹുമാനം ഒരിക്കലും മറ്റ് ഭാഷാ സിനിമകള്‍ക്ക് കിട്ടാറില്ല. അതിന് കാരണം മലയാള സിനിമയുടെ കണ്ടന്റ് ആണ്.

ഹോം എന്ന സിനിമ കാണാത്തതായി ബോളിവുഡില്‍ ആരുമില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരും ആ സിനിമയെ പറ്റി സംസാരിക്കും. നമ്മുടെ ഏരിയ ഓഫ് എക്‌സ്‌പ്ലോയിറ്റേഷന്‍ കുറവാകുമ്പോള്‍ അങ്ങനത്തെ സിനിമയെ ചെയ്യാന്‍ പറ്റുകയുള്ളൂ.

ആര്‍.ആര്‍.ആര്‍ പോലെ ഒരു ചിത്രം എടുക്കാന്‍ മലയാളത്തിലും മികച്ച ഡയറക്ടര്‍മാര്‍ ഉണ്ട്. പണം എന്നത് ഇത്തരം സിനിമകള്‍ക്ക് വളരെ ഇംപോര്‍ട്ടന്റാണ്. അത് ഇവിടെ കിട്ടില്ല, അതുകൊണ്ടാണ് അത്തരം സിനിമകള്‍ ഇവിടെ ഇറങ്ങാത്തത്.

പലരും പറയുന്നത് അതുപോലെ ഉള്ള സിനിമ എടുക്കാന്‍ ഇവിടെ ആളില്ല എന്നാണ്. എന്നാല്‍ അങ്ങനെ അല്ല. ബ്രില്യന്റായിട്ടുള്ള യങ് ഫിലിം മേക്കേഴ്സ് ഒരുപാടുണ്ട്. അവര്‍ക്കതിനുള്ള പൈസ ലഭിക്കുന്നില്ല. അവര്‍ക്കത് ലഭിക്കുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും അത് ചെയ്യും.

ആര്‍.ആര്‍.ആറിനെ ഒരു തെലുങ്ക് സിനിമയായി നമ്മള്‍ ആക്സെപ്റ്റ് ചെയ്യും, നമ്മള്‍ എന്‍ജോയ് ചെയ്യും. പക്ഷേ, മലയാളത്തിലാണെങ്കില്‍ അത് നമ്മള്‍ ആക്സെപ്റ്റ് ചെയ്യില്ലായിരുന്നു. അങ്ങനെ ഉള്ള ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്നേ ഉള്ളൂ,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ഏപ്രില്‍ ആറിനാണ് പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്‌സ് റിലീസ് ചെയ്യുന്നത്. ഷെന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജീന്‍ ലാല്‍ പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: priyadarshan talks about home movie