| Sunday, 1st August 2021, 3:19 pm

സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചുമണിക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടം; പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി:സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചുമണിക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് പ്രിയദര്‍ശന്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

‘എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്താണെന്ന് ചോദിച്ചാല്‍ അത് പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല. സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചുമണിക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ്.

അവരുടെ ജീവിതത്തില്‍ എന്റെ സിനിമയിലല്ലാതെ ഒരിക്കലും ആ നേരത്ത് വന്ന് ഷൂട്ട് ചെയ്തിട്ടില്ല. എങ്ങനെ അത് സാധിച്ചു എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്.

‘ക്യോം കീ’ എന്ന പടം തീര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രിയന്‍ ഗാരു, ഇനി ഒരു സിനിമ നമ്മളൊന്നിച്ച് ചെയ്യുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ദിവസം തരാം, പക്ഷേ, അതിരാവിലെ ഷൂട്ടിങ്ങിന് ഞാന്‍ വരില്ല’. അവര്‍ എന്നോട് അത്രമാത്രം സഹകരിച്ചു എന്നതൊരു ഭാഗ്യമായാണ് കാണുന്നത്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡില്‍ ഇപ്പോഴും തന്റെ സിനിമകള്‍ അംഗീകരിക്കപ്പെടുന്നതിനെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നിരുന്നു. സിനിമകളുടെ വിജയം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡെന്നും സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോഴേക്കും അവരെ വന്ന വഴിതിരിച്ച് ഓടിക്കുകയാണ് ബോളിവുഡിന്റെ രീതി. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും ബോളിവുഡിലേക്ക് പോയ ഭൂരിഭാഗം സംവിധായകരും അത്തരം അനുഭവങ്ങള്‍ നേരിട്ട് മടങ്ങിയിട്ടുണ്ട്.

ബോളിവുഡില്‍ സക്രിയസാന്നിധ്യമാകാനും എന്തെങ്കിലും അടയാളപ്പെടുത്തലുണ്ടാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാനകാരണം ഞാന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചതുകൊണ്ടാണ്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡിലെ ഒരു ക്യാമ്പുകളിലും ലോബികളിലും താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊതുസമ്മതി നേടാന്‍ അത് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Priyadarshan Shares experience With Salman Khan And Govinda

We use cookies to give you the best possible experience. Learn more