| Monday, 2nd August 2021, 9:44 am

ആ സിനിമ കണ്ട പലരും പറഞ്ഞത് സത്യമാണ്, മലയാളത്തിലെ അഭിനേതാക്കളുടെ അത്ര ബോളിവുഡിലുള്ളവര്‍ എത്തിയില്ല; പ്രിയദര്‍ശന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സിനിമകളായ ബോളിവുഡിലെ ഹംഗാമ 2വും മലയാളത്തിലെ മിന്നാരവും പ്രേക്ഷകര്‍ താരതമ്യം ചെയ്തിരുന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍. മിന്നാരം എന്ന സിനിമയുടെ അപ്‌ഡേഷനാണ് ഹംഗാമ 2വെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ഹംഗാമ 2 കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോര എന്ന് വിമര്‍ശനമുന്നയിച്ചിരുന്നതിനെക്കുറിച്ചും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

‘സിനിമ കണ്ട പലരും പറഞ്ഞത് സത്യമാണ്. മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്‌സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല. അതിന്റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്. മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ അത് പ്രശ്‌നമല്ല.

എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്. അതുപോലെ ഹംഗാമ 2വിന് നേരെയും വിമര്‍ശങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഹംഗാമ 2 മലയാളികള്‍ക്ക് വേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവര്‍ക്കത് ഇഷ്ടമായെങ്കില്‍ സിനിമ വിജയമാണ്,’ പ്രിയദര്‍ശന്‍ പറയുന്നു.

തന്റെ പല ചിത്രങ്ങളും ബോളിവുഡില്‍ വിജയിക്കാനുള്ള കാരണവും പ്രിയദര്‍ശന്‍ പറഞ്ഞു.

‘പലരുടെയും റീമേക്കുകള്‍ പരാജയപ്പെടാനുള്ള കാരണം സമാനരീതിയില്‍ റീമേക്ക് ചെയ്യുന്നതു കൊണ്ടാണ്. തമിഴ് സിനിമയോ തെലുങ്ക് സിനിമയോ അതേപോലെ ഹിന്ദിയില്‍ ആക്കിയാല്‍ ഭാഷ മാത്രം മാറുന്നു എന്നല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ക്ക് ആ സിനിമ മനസ്സിലാകില്ല. അതിനാല്‍ റീമേക്കുകള്‍ പരാജയങ്ങളായി. ഇത് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

അതുകൊണ്ട് ഞാന്‍ മറ്റൊരു രീതി സ്വീകരിച്ചു. ഏത് സിനിമയാണോ റീമേക്ക് ചെയ്യുന്നത് അതിനെ മാറ്റിയെഴുതി ബോളിവുഡ് പ്രേക്ഷകരുടെ സിനിമയാക്കി മാറ്റുക. അതുവഴി റീമേക്കില്‍ ഒരു കള്‍ച്ചര്‍ ഷിഫ്റ്റ് നടത്തുക,’ പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Priyadarshan shares experience about hungama 2

We use cookies to give you the best possible experience. Learn more