റീമേക്കുകൾ ചെയ്യുമ്പോൾ ഭാഷ, സംസ്കാരം എന്നിവക്കും കൂടെ പ്രാധാന്യം നൽകണമെന്ന് പ്രിയദർശൻ. റീമേക്കുകൾ എല്ലായ്പ്പോഴും വിജയിക്കാത്തതിന് പ്രധാന കാരണം ഭാഷക്കും വസ്ത്രധാരണത്തിനും സംസ്കാരത്തിനും പ്രാധാന്യം നൽകാത്തപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മണിച്ചിത്രത്താഴൊക്കെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഫീൽ കിട്ടിയില്ലെന്ന് പറയുന്നത് സ്വാഭാവികമാണ്. ഒരിക്കലും അക്ഷയ് കുമാറിന് മോഹൻലാൽ ആകാൻ പറ്റില്ല. അക്ഷയ് കുമാറിന് അയാളുടേതായ ലിമിറ്റേഷൻസ് ഉണ്ട്. ആ പരിധിയിൽ നിന്ന് മാത്രമാണ് അയാൾക്ക് അഭിനയിക്കാൻ പറ്റൂ.
തിലകൻ ചേട്ടൻ മണിച്ചിത്രത്താഴിൽ ചെയ്ത വേഷം അദ്ദേഹത്തെക്കൊണ്ട് മാത്രമാണ് ചെയ്യാൻ പറ്റൂ. ഈ സിനിമകൾ കാണാത്ത വലിയൊരു വിഭാഗം ആളുകളിലേക്കാണ് റീമേക്ക് സിനിമയായിട്ട് നമ്മൾ ചെല്ലുന്നത്. ഇന്ത്യയിൽ എടുത്തിട്ടുള്ള ഒട്ടുമിക്ക റീമേക്ക് സിനിമകളും ഫ്ലോപ്പാണ്.
പല മലയാള സിനിമകളും ഹിന്ദിയിലേക്കൊക്കെ റീമേക്ക് ചെയ്യുമ്പോൾ പരാജയപ്പെടാറുണ്ട്. ഉദാഹരണത്തിന് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രം ഓടിയില്ല. നമ്മുടെയും അവരുടെയും ഭാഷക്കും സംസ്കാരത്തിനും വ്യത്യാസം ഉണ്ടെന്നാണ് ഞാൻ മനസിലാക്കിയത്. ഒരു ഭാഷയിൽ നിന്നും ഒരു സിനിമയെടുത്ത് മറ്റൊരു ഭാഷയിൽ അവതരിപ്പിക്കുമ്പോൾ അത് അവരുടെ സിനിമയാണെന്ന് തോന്നണം. വേഷവിധാനം, ആചാരം, സ്വഭാവം, കഥാപാത്രം എന്നിവയിലൊക്കെ അങ്ങനെ തോന്നണം. ഞാൻ ചെയ്ത പല റീമേക്ക് ചിത്രങ്ങളും വർക്ക് ആയത് അതുകൊണ്ടാണ്,’ പ്രിയദർശൻ പറഞ്ഞു.
അഭിമുഖത്തിൽ ചിത്രം എന്ന സിനിമയിൽ നിന്നും ഇന്നസെന്റിന്റെയും ജഗദീഷിന്റെയും കഥാപാത്രം കട്ട് ചെയ്ത് മാറ്റിയതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സിനിമയുടെ ഫ്ലോ നഷ്ടമാകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ചിത്രം എന്ന സിനിമയിൽ ഇന്നസെന്റും ജഗദീഷും ഉണ്ടായിരുന്നു. ഇവർക്ക് അത്യാവശ്യം നല്ല സീനുകൾ ആണ് ഉണ്ടായിരുന്നത്. അത് കട്ട് ചെയ്ത് കളയേണ്ടി വന്നു. അവരുടെ നർമ രംഗങ്ങൾ ചിത്രത്തിന്റെ ഫ്‌ലോ കളയുന്നുണ്ടെന്ന അഭിപ്രായത്തെത്തുടർന്നാണ് അന്ന് അങ്ങനെ ചെയ്തത്,’ പ്രിയദർശൻ പറഞ്ഞു.
Content Highlights: Priyadarshan on Mohanlal and Akshay Kumar