ഐ. വി. ശശിക്കും ജോഷിക്കും തിരക്കഥ എഴുതിക്കൊടുക്കാൻ ആളുണ്ട്, എനിക്കങ്ങനെയല്ല: പ്രിയദർശൻ
Entertainment
ഐ. വി. ശശിക്കും ജോഷിക്കും തിരക്കഥ എഴുതിക്കൊടുക്കാൻ ആളുണ്ട്, എനിക്കങ്ങനെയല്ല: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th June 2023, 9:18 pm

ശ്രീനിവാസൻ ആണ് തനിക്ക് മുൻ കാലങ്ങളിൽ തിരക്കഥ എഴുതി തരാൻ ഉണ്ടായിരുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. ഐ. വി. ശശിക്കും ജോഷിക്കുമെല്ലാം തുടക്ക കാലങ്ങളിൽ തിരക്കഥ എഴുതി നൽകാൻ ആളുകൾ ഉണ്ടായിരുന്നെന്നും തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വെറും രണ്ട് സിനിമ മാത്രമാണ് മുഴുവനായി തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളൂ. ഒന്ന് പൂച്ചക്കൊരു മൂക്കുത്തി, മറ്റൊന്ന് തേൻമാവിൻ കൊമ്പത്ത്. ഈ രണ്ട് ചിത്രമല്ലാതെ മുഴുവൻ തിരക്കഥയും എഴുതി തീർത്ത് ഷൂട്ടിങിന് പോയിട്ടില്ല.

ഞങ്ങളുടെയൊക്കെ സിനിമയിൽ ആദ്യം വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കും എന്നിട്ട് സിനിമയുടെ അവസാനത്തിലേക്ക് എത്തിക്കും. പ്രേക്ഷകർ രസിച്ചിട്ടുള്ള എന്റെ എല്ലാ സിനിമകളിലും എന്നേക്കാൾ കൂടുതൽ സംഭാവനകൾ നൽകിയിരിക്കുന്നത് എന്റെ അഭിനേതാക്കൾ ആണ്. പപ്പു ച്ചേട്ടൻ , ജഗതി, നെടുമുടി വേണു ച്ചേട്ടൻ ഇവരൊന്നും ഇപ്പോൾ ഇല്ല. അവരുടേതായ സംഭാവനകൾ എന്നും എന്റെ ചിത്രത്തിൽ ഉണ്ടായിരുന്നു. അവർക്ക് വേണ്ടി വ്യക്തമായ തിരക്കഥ എഴുതി വെച്ചാലും അവരുടേതായ ഡയലോഗുകൾ ആ സീനുകൾ പൊലിപ്പിക്കും. അത് ഒരു പ്രചോദനം ആകാറുണ്ട്. അടുത്ത സീനുകൾ അതിനേക്കാളും മനോഹരമാക്കാനുള്ള ശ്രമവും നടക്കാറുണ്ട്. അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ സിനിമ പൂർത്തിയാകാൻ നോക്കുന്നത്. പക്ഷെ ഇത് ഒരിക്കലും പുതു തലമുറ പരീക്ഷിക്കരുത്,’ പ്രിയദർശൻ പറഞ്ഞു.

 

താനൊരു എഴുത്തുകാരൻ അല്ലെന്നും തനിക്ക് മുൻകാലങ്ങളിൽ തിരക്കഥ എഴുതാൻ അറിയില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ജോഷിക്കും ഐ.വി. ശശിക്കും തിരക്കഥ എഴുതി നൽകാൻ ആളുകൾ ഉണ്ടായിരുന്നതിൽ തനിക്ക് അസൂയ ഉണ്ടായിരുന്നെനും അദ്ദേഹം പറഞ്ഞു.

‘എന്റെ മനസിൽ ഒരു കഥ ഉണ്ടാകും അത് തന്നെ വളരുകയാണ് ചെയ്യുന്നത്. ഞാൻ ഒരു എഴുത്ത്കാരൻ ആയിരുന്നില്ല. എന്റെ നിവൃത്തികേടുകൊണ്ട് എഴുതി തുടങ്ങിയതാണ്. അന്ന് എനിക്ക് ഐ. വി ശശിയോടും, ജോഷിയോടുമൊക്കെ അസൂയ തോന്നിയിട്ടുണ്ട്. കാരണം അവർക്ക് എഴുതി കൊടുക്കാൻ ആളുണ്ട്. എനിക്ക് എഴുതി തരാൻ ആളില്ലല്ലോ. പിന്നീട് ദാമോദരൻ മാഷും ശ്രീനിവാസനും ഒക്കെയാണ് എന്നെ സഹായിച്ചിരുന്നത്. ദാമോദരൻ മാഷ് നല്ല രാഷ്ട്രീയ ബോധമുള്ള വ്യക്തിയാണ്. എനിക്ക് അതിനെപ്പറ്റി ധാരണ കുറവാണ്. അദ്ദേഹത്തിന്റെ ഐഡിയകളാണ് എന്റെ ചിത്രങ്ങളിൽ കാണാൻ സാധിച്ചത്. ശ്രീനിവാസൻ വളരെ സർക്കാസ്റ്റിക്കായുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എന്തിലും നർമം കൊണ്ടുവരാൻ സാധിക്കും. വെള്ളാനകളുടെ നാട് അഴിമതിയെ തുറന്ന് കാണിക്കുന്ന ചിത്രമാണ്. അതിൽ അദ്ദേഹം നർമം കൊണ്ടുവന്നു. അത് അദ്ദേഹത്തിന്റെ കഴിവാണ്,’ പ്രിയദർശൻ പറഞ്ഞു.

Content Highlights : Priyadarshan on I.V Sasi and Joshi