| Monday, 22nd May 2023, 11:53 pm

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' സിനിമയാക്കാൻ ആളുകൾ പറയുന്നു, കിട്ടിയ ചീത്തപ്പേരൊക്കെ മതി: പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുസ്തകം സിനിമയാക്കുന്നത് വളരെ പാടുള്ള കാര്യമാണെന്ന് പ്രിയദർശൻ. ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും പക്ഷെ താൻ അത് ചെയ്താൽ ചീത്തപ്പേരാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് എന്ന പരിപാടിയിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെറുപ്പം മുതൽ എനിക്കറിയാവുന്ന ഒരേയൊരു ജോലിയാണ് സിനിമ എടുക്കുക എന്നുള്ളത്. ഇപ്പോഴത്തെ തലമുറയോട് എനിക്ക് പറയാനുള്ളത് സിനിമ കണ്ടുവേണം പഠിക്കാൻ. സിനിമ ഒരിക്കലും പഠിപ്പിച്ചു കൊടുക്കാൻ പറ്റില്ല. ഇന്നത്തെ കാലത്ത് വളരെ ബ്രില്യന്റായ ധാരാളം സിനിമകൾ ഉണ്ട്. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ സിനിമയെകുറിച്ചൊക്കെ ചിന്തിക്കുന്ന മിടുക്കരായ ധാരാളം ചെറുപ്പക്കാർ ഉണ്ട്. അവർ ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ഈ ഫീൽഡിനോട് ഗുഡ് ബൈ പറഞ്ഞ്‌ പോകാറായെന്ന്.


പക്ഷെ ഞാനും പണ്ട് ന്യൂ ജനറേഷൻ ഫിലിം മേക്കർ ആയിരുന്നല്ലോ, നാളുകൾക്ക് ശേഷമാണ് പഴയതായതെന്ന് ഞാൻ പിന്നീട് ചിന്തിക്കും,’ പ്രിയദർശൻ പറഞ്ഞു.

പുസ്തകങ്ങളെ സിനിമയാക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നും വായിച്ച് മനസ്സിൽ പതിഞ്ഞതിനെ സിനിമയാക്കുമ്പോൾ അതിനോട് മുഴുവൻ നീതിയും പുലർത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പുസ്തകങ്ങൾ സിനിമയാക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതായത് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഞാൻ അതിൽ തൊടില്ല. എനിക്ക് ചീത്തപേരായിപോകും. എനിക്ക് ആഗ്രഹമുണ്ട്. പലരും പറഞ്ഞുകേട്ടിട്ടുണ്ട് ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുന്നതിനെപ്പറ്റി. അതൊന്നും നടക്കില്ല. കാരണം, പറഞ്ഞ്‌ മനസ്സിലാക്കിയ ഒരു നോവൽ എത്ര സിനിമയാക്കിയാലും അതിനോട് ഒരിക്കലും നീതി പുലർത്താൻ പറ്റില്ല. അതുകൊണ്ട് അത് ഞാൻ ചെയ്യില്ല. കിട്ടിയ ചീത്തപ്പേരൊക്കെമതി (ചിരിക്കുന്നു), ‘ പ്രിയദർശൻ പറഞ്ഞു.

Content Highlights: Priyadarshan on adapted screenplay

We use cookies to give you the best possible experience. Learn more