തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപകവിമര്‍ശനം. സമ്മര്‍ ഓഫ് 92 എന്ന ചിത്രം ജാതീയമാണെന്നാണ് വിമര്‍ശനമുയരുന്നത്.
നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മര്‍ 92 ഒരുക്കിയിരുന്നത്. സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഘല എന്നിവരാണ് ചിത്രത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
‘നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു. തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നാന്‍ പറ്റിയ ചിത്രമായിരുന്നു ഇത്,’ ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.
ലീന മണിമേഘലയും സമാനമായ അഭിപ്രായമായിരുന്നു ചിത്രത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിലെ ഒരു ഡയലോഗിനെ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മണിമേഘലയുടെ ട്വീറ്റ്.
‘കാണാന്‍ പന്നിയെ പോലെയാണെങ്കിലും ആളൊരു പട്ടിയാണ്…നമ്മുടെ വേലുസാമി’ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ കുറിച്ച് പറയുന്ന ഈ ഡയലോഗിനെതിരെയാണ് ലീന മണിമേഘല വിമര്‍ശനം ഉന്നയിച്ചത്.
നെറ്റ്ഫ്‌ളിക്‌സും പ്രിയദര്‍ശനും മണിരത്‌നവും വൃത്തികെട്ട കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് മണിമേഘല പറഞ്ഞു. കറുത്ത വര്‍ഗക്കാരെയും ഗോത്രവിഭാഗങ്ങളെയും വര്‍ണ വിവേചനം നേരിടുന്ന മറ്റു വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെത്തുമ്പോള്‍ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മണിമേഘല കൂട്ടിച്ചേര്‍ത്തു.
Hasyam in #navarasa is truly disgusting, insensitive, casteist and body shaming. Nothing to laugh about. We cannot make films like this in 2021 Just not done!
— T M Krishna (@tmkrishna) August 8, 2021
ബ്ലാക്ക്‌ലൈവ്‌സ്മാറ്റര്‍ രാഷ്ട്രീയമൊക്കെ വെറും കണ്‍കെട്ടാണെന്ന് ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ ‘ബ്രാഹ്മിണ്‍ കളികള്‍’ കാണുമ്പോള്‍ മനസിലാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ലീന മണിമേഘലയുടെ പ്രതികരണം.
All your #BlackLivesMatter politics you do in Amerikas is a farce when you play a brahmin in Indias @NetflixIndia @netflix #NavarasaFilms
— Leena Manimekalai (@LeenaManimekali) August 6, 2021
യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ എന്നിവരാണ് സമ്മര്‍ 92വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങിയ നവരസ ഓഗസ്റ്റ് ആറിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Priyadarshan movie Summer of 92 in Navarasa in criticised for casteism by T M Krishna and Leena Manimekalai