കൊച്ചി: ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ക്ലബ്ബ് ഹൗസ് എന്ന പുതിയ സോഷ്യല്‍ മീഡിയ ആപ്പ്.
ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള ഈ ആപ്പ് ചുരുങ്ങിയ സമയം കൊണ്ട് മലയാളികളടക്കമുള്ളവരുടെ ഇഷ്ട ആപ്പായി മാറുകയായിരുന്നു.
സിനിമാ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ആപ്പില്‍ സജീവമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കൂടി ചേരലും ക്ലബ്ബ് ഹൗസില്‍ നടന്നു.
സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മധുപാല്‍, മണിയന്‍ പിള്ളരാജു, നന്ദു, മേനക, ശങ്കര്‍ തൂടങ്ങി നിരവധി പേര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു.
പഴയ കാല സിനിമയെ കുറിച്ച് നിരവധി ഓര്‍മ്മകളാണ് എല്ലാവരും പങ്കുവെച്ചത്. കൂട്ടത്തില്‍ അക്കരെ നിന്നൊരു മാരന്‍ എന്ന ചിത്രത്തിനെ കുറിച്ചുള്ള ഓര്‍മകളും ഇവര്‍ പങ്കുവെച്ചിരുന്നു.
ചിത്രത്തിനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളില്‍ ഒന്ന് മണിയന്‍ പിള്ള രാജു പങ്കുവെച്ചു. സംവിധായകന്‍ പ്രിയദര്‍ശന് ‘മഹാകവി അമ്പലപ്പുഴ പ്രിയന്‍’ എന്ന പേര് വന്നതിനെ കുറിച്ചായിരുന്നു മണിയന്‍ പിള്ള രാജു പറഞ്ഞത്.
അക്കരെ നിന്നൊരു മാരന്‍ എന്ന ചിത്രത്തിനായി അവസാന ദിവസം ഒരു പാട്ട് ആവശ്യമായി വന്നു. രാവിലെ പത്ത് മണിക്കാണ് സംസാരിക്കുന്നത്. വൈകീട്ടാണ് ഷൂട്ട് ചെയ്യേണ്ടത്. രാവിലെ ഇരുന്ന് പ്രിയനാണ് ഐഡിയ ഇടുന്നത്. പ്രിയന്‍ അങ്ങനെ പാട്ടെഴുതിയെന്നും തുടര്‍ന്ന് ആ ഗാനത്തിന് കണ്ണൂര്‍ രാജന്‍ സംഗീതം ഇട്ടെന്നും ഇതോടെ പ്രിയദര്‍ശന് ‘അമ്പലപ്പുഴ പ്രിയന്‍’ എന്നൊരു പേരും വീണെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.
അതൊരു ചരിത്രമാണ് രാവിലെ പട്ടെഴുതി. ഉച്ചയ്ക്ക് റെക്കോര്‍ഡ് ചെയ്തു. വൈകുന്നേരം ഷൂട്ട് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞ് പടം റിലീസ് ചെയ്തു. ലോക സിനിമയില്‍ തന്നെ ഇതൊരു ചരിത്രമാണെന്നെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.