ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങൾ പലതും അണിയിച്ചൊരുക്കിയിട്ടുണ്ട്. സ്ലാപ്സ്റ്റിക്ക് തമാശകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരുക്കിയ സിനിമയെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.
അക്കരെ അക്കരെ അക്കരെ, മിഥുനം, കിളിച്ചുണ്ടൻ മാമ്പഴം എന്നിവയെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളാണ്. ആദ്യ സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്കായി ഒരു കഥയില്ലാതെ നിൽക്കുമ്പോഴാണ് താൻ ശ്രീനിവാസനെ വീണ്ടും വിളിക്കുന്നതെന്നും അങ്ങനെ ഉണ്ടായ സിനിമയാണ് ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രമെന്നും പ്രിയദർശൻ പറയുന്നു. അഭിനയിക്കാൻ ഒരു റോൾ താരമെന്ന വ്യാജേനയാണ് താൻ ശ്രീനിവാസനെ വിളിക്കുന്നതെന്നും പിന്നീടാണ് ഒരു തിരക്കഥ എഴുതാമോയെന്ന് ചോദിച്ചതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
‘ആദ്യസിനിമ കഴിഞ്ഞശേഷം വീണ്ടുമൊരു സിനിമയ്ക്കായി എന്റെ കൈയിലൊന്നുമില്ലെന്ന യാഥാർഥ്യം ഒരു നീറ്റലോടെ എനിക്ക് ബോധ്യമായി. ഏതൊരു ചലച്ചിത്രകാരന്റെയും ജീവിതത്തിലെ നിർണായകഘട്ടമാണ് അയാളുടെ രണ്ടാം സിനിമ. എന്തുചെയ്യണമെന്നറിയാതെ ഞാൻ മദ്രാസിലെത്തി.
കഥയില്ല. മനസ് ശൂന്യം. ഒടുവിൽ കുറെ സിനിമകളുടെ കാസറ്റ് സംഘടിപ്പിച്ച് കണ്ടു. അവയിൽ നിന്നും കുറെ സീനുകൾ മോഷ്ടിച്ചു. എനിക്ക് എന്നോടുതന്നെ കലിതോന്നി ജോഷിക്കും ഐ.വി. ശശിക്കുമൊക്കെ കഥയെഴുതിക്കൊടുക്കാൻ ആളുണ്ട്. എനിക്ക് കഥയെഴുതി തരാൻ തിരക്കഥാകൃത്തുക്കളില്ല. പക്ഷേ രണ്ടാമത്തെ സിനിമ ചെയ്‌തില്ലെങ്കിൽ എൻ്റെ ചലച്ചിത്ര ജീവിതത്തിന് തിരശീല വീഴും.
പെട്ടെന്നെന്റെ മനസിലേക്ക് ശ്രീനി കടന്നുവന്നു. ഒരു റോൾ കൊടുത്താൽ ശ്രീനി എഴുത്തിൽ സഹായിക്കുമെന്ന് ഞാൻ നിശ്ചയിച്ചു. യഥാർഥ ലക്ഷ്യം പറയാതെ ശ്രീനിയെ അഭിനയിക്കാൻ വിളിച്ചു. ശ്രീനി വന്നു. ഷൂട്ടിങ് തുടങ്ങണം. എവിടെ തിരക്കഥ എന്ന് ശ്രീനി ചോദിച്ചപ്പോൾ ഞാൻ ചിരിയൊതുക്കാൻ പാടുപെട്ടു.
തിരക്കഥ എഴുതി ശരിയാക്കിയാൽ പടം നടക്കും, ഇല്ലെങ്കിൽ ഷൂട്ടിങ് മുടങ്ങും എന്ന് ഞാൻ ശ്രീനിയോടു പറഞ്ഞു. ആ അവസ്ഥയിൽ കക്ഷിക്ക് വേറെ പോംവഴിയൊന്നുമുണ്ടായിരുന്നില്ല. റൈറ്റിങ് പാഡും പേനയും കൊടുത്തിട്ട് സീനെഴുതാൻ പറഞ്ഞു.
അധികം തർക്കമോ ശണ്‌ഠയോ കൂടാതെ ഒരു സിനിമയുണ്ടായി. ‘ഓടരുതമ്മാവാ ആളറിയാം.’ അങ്ങനെ ഒരു സംവിധായകന്റെ ജീവിതത്തിലെ നിർണായകഘട്ടത്തെ ഞാൻ അധികം പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചു,’പ്രിയദർശൻ പറയുന്നു.
Content Highlight: Priyadarshan About Sreenivasan And His Film Career