| Saturday, 6th November 2021, 10:38 am

നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത ചിലര്‍, ഞങ്ങള്‍ അവരില്‍ നിന്നും തിരിച്ചുവാങ്ങി തിയേറ്ററില്‍ കൊടുത്തെന്നൊക്കെ പറയുന്നുണ്ട്, അതൊന്നും ശരിയല്ല: കുറുപ്പിനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മരക്കാറുമായി ബന്ധപ്പെട്ട വിവാദത്തിലും ഒ.ടി.ടിക്ക് വേണ്ടി മാത്രം എടുക്കുന്ന ചില സിനിമകളെ കുറിച്ചും പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ ഒരിക്കലും താന്‍ ഒ.ടി.ടിക്ക് വേണ്ടി എടുത്ത പടമായിരുന്നില്ലെന്നും ഒ.ടി.ടിക്ക് വേണ്ടിയായിരുന്നെങ്കില്‍ 30 കോടിയില്‍ തനിക്ക് പടം തീര്‍ക്കാമായിരുന്നെന്നും പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത ചില സിനിമകള്‍ തിയേറ്ററിലേക്ക് കൊണ്ടുവന്നിട്ട്, ഞങ്ങള്‍ അവരില്‍ നിന്നും തിരിച്ചുവാങ്ങിച്ച് തിയേറ്ററുകാരെ സഹായിച്ചെന്നൊക്കെ ചിലര്‍ പറയുന്നുണ്ടെന്നും അതൊന്നും ശരിയല്ലെന്നുമായിരുന്നു കുറുപ്പ് സിനിമയുടെ പേര് പരാമര്‍ശിക്കാതെയുള്ള പ്രിയദര്‍ശന്റെ പ്രതികരണം.

ഒ.ടി.ടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും സിനിമ എടുക്കാം. മോഹന്‍ലാലിന്റെ ഒ.ടി.ടിയില്‍ ഇറങ്ങിയ സിനിമയൊക്കെ ഒ.ടി.ടിക്ക് വേണ്ടി തന്നെ എടുത്തതാണ്. എന്നാല്‍ മരക്കാര്‍ അങ്ങനെ ആയിരുന്നില്ല. തിയേറ്ററില്‍ മാത്രം കാണേണ്ട സിനിമ എന്ന് പറഞ്ഞിട്ടാണ് എടുത്തത്.

ഞാന്‍ ഈ സിനിമ ഒ.ടി.ടിയില്‍ വരണമെന്ന് ആഗ്രഹിച്ച് എടുത്തിരുന്നെങ്കില്‍ എനിക്ക് 30 കോടി രൂപയ്ക്ക് എടുക്കാമായിരുന്നു. ഈ കഥ മാത്രം എടുത്താല്‍ മതി. ഇത്ര ആഡംബരത്തിന്റേയോ ഇത്രയും പണം മുടക്കേണ്ടതിന്റേയോ ഇത്രയും ദിവസം ഷൂട്ട് ചെയ്യേണ്ടതിന്റേയോ ആവശ്യമുണ്ടായിരുന്നില്ല. സാബു സിറിലിനെപ്പോലുള്ളവരേയും ആവശ്യമുണ്ടായിരുന്നില്ല.

ഒരിക്കലും നൂറ് കോടിയുടെ സിനിമയൊന്നും മലയാളത്തില്‍ നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. കാലാപാനി എന്ന ഒരു സിനിമ എടുത്തിട്ട് 25 വര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ഒരു വലിയ സിനിമ എടുക്കാന്‍ കഴിഞ്ഞത്. ബഡ്ജറ്റ് തന്നെയാണ് കാരണം. അതിലൊരു വലിയ റിസ്‌ക്കുണ്ട്. എന്നിട്ടും അതിന് തയ്യാറായി.

ഇത് നമ്മുടെ സ്വന്തം താത്പര്യം മാത്രമല്ല, നമുക്ക് നാളെ മലയാളത്തില്‍ ഒരു വാട്ടര്‍മാര്‍ക്കായിരിക്കും ഇങ്ങനെ ഒരു സിനിമ എന്നുപറയുന്നത്. ചിലയാളുകളൊക്കെ സിനിമയെടുക്കുന്നുണ്ട് . അതില്‍ നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ഞങ്ങള്‍ അവിടുന്ന് തിരിച്ച് വാങ്ങിച്ചുകൊണ്ട് വന്നിട്ട് തിയേറ്ററുകാരെ സഹായിച്ചതാണെന്ന്. ആ പറയുന്നത് ശരിയൊന്നുമല്ല.

ഇപ്പോഴത്തെ ഒരു സാഹചര്യമല്ലെങ്കില്‍ ധൈര്യമായിട്ട് ഞാന്‍ ഇത് തിയേറ്ററില്‍ റിലീസ് ചെയ്യുമായിരുന്നെന്നും പടത്തില്‍ തനിക്ക് പൂര്‍ണമായി വിശ്വാസമുണ്ടെന്നും ആന്റണി എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ക്കും സിനിമ കാണുമ്പോള്‍ അത് മനസിലാകും. ഈ സിനിമ തിയേറ്ററില്‍ കാണണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷേ എന്നെ വിശ്വസിച്ച് പണം മുടക്കിയ ഒരാളെ ദ്രോഹിച്ചുകൊണ്ട് എനിക്ക് ഈ സിനിമ തിയേറ്ററില്‍ കാണിക്കേണ്ട, പ്രിയദര്‍ശന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Priyadarshan About OTT Release Movies

We use cookies to give you the best possible experience. Learn more