|

അത്രയ്ക്കും നല്ല തിരക്കഥ, പക്ഷെ ആ സിനിമ കണ്ടപ്പോൾ നിരാശ തോന്നി, സങ്കല്പിച്ചതിന്റെ അടുത്തെത്തിയില്ല: പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങൾ പലതും അണിയിച്ചൊരുക്കിയിട്ടുണ്ട്. സ്ലാപ്സ്റ്റിക്ക് തമാശകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹം നാല് പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.

ഓളവും തീരവും എന്ന സിനിമയ്ക്ക് എം.ടി.വാസുദേവൻ നായർ എഴുതിയ തിരക്കഥ വായിച്ചപ്പോഴാണ് ഒരു സിനിമ ചെയ്യണമെന്ന് താൻ തീരുമാനിക്കുന്നതെന്നും എന്നാൽ പിന്നീട് ആ സിനിമ കണ്ടപ്പോൾ വലിയ നിരാശയായിരുന്നു ഫലമെന്നും പ്രിയദർശൻ പറഞ്ഞു. താൻ മനസിൽ സങ്കല്പിച്ചതിന്റെ അടുത്ത് ആ സിനിമ എത്തിയില്ലെന്നും അതൊരു മാസ്റ്റർ സ്ക്രിപ്റ്റാണെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

‘ഓളവും തീരവും എന്ന സിനിമയ്ക്ക് എം.ടി. എഴുതിയ തിരക്കഥ വായിച്ചപ്പോഴാണ് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചത്. അത്രയ്ക്ക് നല്ല തിരക്കഥ. പക്ഷേ, അതിനെക്കുറിച്ച് ഏറെ ആലോചിച്ച ശേഷം ഞാനാ സിനിമ കണ്ടു. ശരിക്കും നിരാശ തോന്നി ഞാൻ മനസിൽ സങ്കല്‌പിച്ചതിൻ്റെ അടുത്തെത്തിയില്ല സിനിമ. പി. എൻ.മേനോൻ സാർ അന്ന് ചെയ്‌തത് അത്ഭുതമാണ്.

പക്ഷേ, സ്ക്രീനിൽ അത്രയേ ചെയ്യാനാവൂ. അതൊരു മാസ്റ്റർ സ്ക്രിപ്റ്റാണ്. അത് വായിക്കുമ്പോൾ ഓരോ രംഗവും മിഴിവോടെ നമ്മുടെ മുന്നിൽ നിൽക്കും. വാക്കുകൾക്കിടയിലായിരുന്നു അതിൽ അർത്ഥം. എം.ടി.യെ ഞാൻ നമിച്ചുപോയത് അവിടെയാണ്. ആദ്യ സിനിമ ചെയ്യാൻ പോവുമ്പോൾ വല്ലാത്തൊരു ആവേശവും വലിയ സ്വപ്നങ്ങളുമൊക്കെ ഉണ്ടാവും.

നമ്മൾ ചെയ്ത രണ്ടോ മൂന്നോ സിനിമകൾ ഹിറ്റാവുമ്പോൾ നമ്മളെക്കുറിച്ച് പ്രേക്ഷകർക്ക് പ്രതീക്ഷകളുണ്ടാവും. അത് നമ്മളിൽ ഭയം ജനിപ്പിക്കും. അടുത്ത സിനിമ നന്നായില്ലെങ്കിലോ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിലോ എന്ന ഭയം. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നൊക്കെ ആളുകൾ പറയാറില്ലേ,’പ്രിയദർശൻ പറയുന്നു.

വർഷങ്ങൾക്കിപ്പുറം എം.ടി വാസുദേവൻ നായരുടെ ചറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിൽ ഓളവും തീരവും പ്രിയദർശൻ സംവിധാനം ചെയ്തിരുന്നു. മോഹൻലാൽ, ദുർഗ കൃഷ്ണൻ, ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പ്രേക്ഷർക്ക് മുന്നിൽ എത്തിയത്.

Content Highlight: Priyadarshan About Olavum Theeravum Movie

Latest Stories