മലയാളസിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ എന്നിവരുടേത്. പ്രിയദര്‍ശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലൂടെ ആരംഭിച്ച കോമ്പോ മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, അരം + അരം = കിന്നരം, വന്ദനം, തുടങ്ങിയ ക്ലാസിക് സിനിമകള്‍ ഈ കൂട്ടുകെട്ടിലൂടെ സിനിമാപ്രേമികള്‍ക്ക് ലഭിച്ചു.
ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ചു കാണുന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിൽ പിറന്ന ബോയിംഗ് ബോയിംഗ് . 1965ൽ ഇതേപേരിൽ ഇറങ്ങിയ ഒരു ഫ്രഞ്ച് ചിത്രത്തിൽ നിന്നാണ് പ്രിയദർശൻ ബോയിംഗ് ബോയിംഗ് അണിയിച്ചൊരുക്കിയത്.
ചിത്രത്തിനെ മലയാളീകരിച്ചപ്പോൾ ചില വ്യത്യാസങ്ങൾ വരുത്തിയിരുന്നുവെന്നും യഥാർത്ഥ ബോയിംഗ് ബോയിംഗ് ഒരു സെക്സ് കോമഡി ചിത്രമാണെന്നും പ്രിയദർശൻ പറയുന്നു. എന്നാൽ ചിത്രം മലയാളത്തിലേക്ക് മാറ്റിയപ്പോൾ കുട്ടികൾക്കടക്കം കാണാൻ പറ്റുന്ന രീതിയിലാണ് അവതരിപ്പിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബോയിംഗ് ബോയിംഗ് എന്നത് ഒരു ഫ്രഞ്ച് ഡ്രാമയാണ്. മലയാളത്തിലെ ബോയിംഗ് ബോയിംഗിന് 20 വർഷം മുമ്പ് ജെറി ലെവിസ്, ടോണി കർട്ടീസ് എന്നീ നടന്മാർ അഭിനയിച്ച ഒരു സിനിമയാണത്. ഞാൻ അതിന്റെ ടൈറ്റിൽ പോലും എന്താണ് മറ്റാത്തതെന്ന് ചോദിച്ചാൽ അതുതന്നെയാണ് ആ സിനിമ.
അത് മലയാളീകരിച്ച് കൊണ്ടുവരുമ്പോൾ അതിൽ വരുന്ന ചില വ്യത്യാസങ്ങളുണ്ട്. കാരണം ബോയിംഗ് ബോയിംഗ് എന്ന ഒറിജിനൽ സിനിമ ഒരു സെക്സ് കോമഡി ചിത്രമാണ്. അതിനെ മലയാളത്തിൽ കൊണ്ടുവന്ന് യാതൊരു വൃത്തികേടുമില്ലാതെയാണ് അവതരിപ്പിച്ചത്.