അമ്മൂ, ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു, എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ: പ്രിയദര്‍ശന്‍
Mollywood
അമ്മൂ, ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു, എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th January 2019, 4:45 pm

മകള്‍ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിത്തന്നത് വിധിയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

“ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ”- പ്രിയദര്‍ശന്‍ ട്വിറ്ററില്‍ കുറിച്ചു.


പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം “മരക്കാര്‍- അറബിക്കടലിന്റെ സിംഹം”ത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ തന്റെ ഭാഗം പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം കല്യാണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം സിനിമയിലെ തന്റെ ലുക്കും കല്യാണി ഷെയര്‍ ചെയ്തിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് “മരക്കാര്‍” ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

നൂറുകോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കല്യാണിയ്ക്ക് ഒപ്പം പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥും ചിത്രത്തിലുണ്ട്. അസോസിയേറ്റ് ആയാണ് സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിക്കുന്നത്.


കുഞ്ഞാലി മരക്കാറുടെ കഥയാണ് “മരക്കാര്‍- അറബിക്കടലിന്റെ സിംഹം” പറയുന്നത്. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.