Entertainment
മോഹൻലാൽ ചിത്രത്തിൽ നിന്ന് ആ നടന്റെ സീനുകൾ വെട്ടിമാറ്റിയപ്പോൾ സിനിമ കൂടുതൽ ഭംഗിയായി: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 01, 03:18 am
Saturday, 1st February 2025, 8:48 am

ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങൾ പലതും അണിയിച്ചൊരുക്കിയിട്ടുണ്ട്. സ്ലാപ്സ്റ്റിക്ക് തമാശകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹം കിലുക്കം, ചിത്രം, ചന്ദ്രലേഖ തുടങ്ങിയ മലയാളത്തിൽ വമ്പൻ വിജയമായ സിനിമകളും ഒരുക്കിയിട്ടുണ്ട്.

കിലുക്കം എന്ന സൂപ്പർഹിറ്റ് സിനിമയിൽ നിന്ന് നടൻ ജഗദീഷിന്റെ സീനുകൾ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദർശൻ.

ജഗദീഷിന്റെ സീനുകൾ ഒഴിവാക്കിയപ്പോൾ കിലുക്കത്തിന് കൂടുതൽ ഭംഗി വന്നെന്നും തന്റെ എഡിറ്ററും ഗുരുനാഥനുമായ എൻ.ഗോപാലകൃഷ്‌ണനാണ് ജഗദീഷിന്റെ സീനുകൾ കട്ട് ചെയ്തതെന്നും പ്രിയൻ പറയുന്നു. കുമാരസംഭവം പോലുള്ള മികച്ച സിനിമകൾ എഡിറ്റ് ചെയ്‌ത അദ്ദേഹം തന്നെയാണ് ചിത്രം എന്ന സിനിമയിൽ നിന്ന് ഇന്നസെന്റിന്റെ ഭാഗങ്ങൾ ഒഴിവാക്കിയതെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

ജഗദീഷിന്റെ മുഴുവൻ സീനുകളും എഡിറ്റ് ചെയ്ത് മാറ്റിയപ്പോൾ കിലുക്കത്തിന് കുറച്ചുകൂടെ ഭംഗി വന്നു
– പ്രിയദർശൻ

‘രണ്ട് സിനിമകളെ കുറിച്ച് ഞാൻ സംസാരിക്കാം. ചിത്രം എന്ന സിനിമയിൽ ഇന്നസെന്റ് എന്ന് പറയുന്ന ഒരാളെ പലരും കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ഒരു സീനിലുണ്ട്. സത്യത്തിൽ അദ്ദേഹം ഒരു ഫുൾ ലെങ്ത്ത് റോളിൽ അഭിനയിച്ച സിനിമയാണ് ചിത്രം. പക്ഷെ അവസാനം അത് കട്ട് ചെയ്ത് കളഞ്ഞു.

അതുപോലെ തന്നെയാണ് കിലുക്കത്തിലെ ജഗദീഷിന്റെ സീനുകളും. ജഗദീഷിന് ഒരുപാട് സീനുകൾ ഉണ്ടായിരുന്നു, പക്ഷെ അത് ഒഴിവാക്കി. കാരണം സിനിമ കണ്ട് കഴിഞ്ഞപ്പോൾ അതിന്റെ എഡിറ്ററും എന്റെ ഗുരുനാഥനുമായ ഗോപാലകൃഷ്ണൻ സാർ പറഞ്ഞു, ഞാൻ നാളെ രാവിലെ എഡിറ്റ് കഴിഞ്ഞ ശേഷം ഈ സിനിമ ഒരുവട്ടം കൂടെ കാണിക്കാമെന്ന്. കുമാരസംഭവം പോലുള്ള സിനിമകൾ എഡിറ്റ് ചെയ്ത വ്യക്തിയാണ് അദ്ദേഹം.

ജഗദീഷിന്റെ കഥാപാത്രത്തെ ഞാൻ വെട്ടി കളയുകയാണ്, അതില്ലാതെ ഈ സിനിമ കണ്ടുനോക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. സത്യത്തിൽ എനിക്കതിൽ നല്ല വിഷമം ഉണ്ടായിരുന്നു. കാരണം സിനിമയ്ക്ക് വേണ്ടി കുറെ ദിവസം ജഗദീഷ് വന്നതല്ലേ. പക്ഷെ മുമ്പ് ചിത്രത്തിൽ ഇന്നസെന്റിന്റെ ഭാഗങ്ങൾ വെട്ടിയിട്ട് ഇദ്ദേഹം തന്നെയാണ് കാണിച്ചു തന്നത്.

അതുപോലെ തന്നെ ഞാൻ ഇതും വിശ്വസിച്ചു. ജഗദീഷിന്റെ മുഴുവൻ സീനുകളും എഡിറ്റ് ചെയ്ത് മാറ്റിയപ്പോൾ കിലുക്കത്തിന് കുറച്ചുകൂടെ ഭംഗി വന്നു. ഇപ്പോൾ നിങ്ങൾ കണ്ട് രസിക്കുന്ന സുഖം ആ കഥാപാത്രം ഉണ്ടെങ്കിൽ ഉണ്ടാവില്ലായിരുന്നു. അത് വളരെ പ്രധാനപെട്ടതാണ്. കാരണം എഡിറ്റർ എന്ന് പറഞ്ഞാൽ നമ്മുടെ ഒരു റൈറ്റ് ഹാൻഡാണ്,’പ്രിയദർശൻ പറയുന്നു.

 

Content Highlight: Priyadarshan About Jagadheesh’s Scenes In Kilukkam Movie