എന്റെ ആ ചിത്രത്തിനൊന്നും മറ്റൊരു സിനിമയും ഇൻഫ്ലുവൻസ് ചെയ്തിട്ടില്ല, ഒറിജിനൽ സിനിമയാണ്: പ്രിയദർശൻ
Entertainment
എന്റെ ആ ചിത്രത്തിനൊന്നും മറ്റൊരു സിനിമയും ഇൻഫ്ലുവൻസ് ചെയ്തിട്ടില്ല, ഒറിജിനൽ സിനിമയാണ്: പ്രിയദർശൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 9:10 am

പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത അദ്ദേഹം അധികം വൈകാതെ തന്നെ ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിംമേക്കറായി മാറി.

മോഹൻലാലിനൊപ്പം ചേർന്ന് മലയാളത്തിൽ വലിയ വിജയങ്ങൾ സമ്മാനിച്ച അദ്ദേഹം ദേശീയ – സംസ്ഥാന അവാർഡുകളിൽ പലവട്ടം മുത്തമിട്ടുണ്ട്. കൊമേഴ്ഷ്യൽ സിനിമകൾക്കൊപ്പം കലാമൂല്യമുള്ള സിനിമകളും അദ്ദേഹം സമ്മാനിച്ചു.

വിദേശ സിനിമകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടവയാണ് പ്രിയദർശന്റെ പല സിനിമകളും. എന്നാൽ താൻ സിനിമകൾ കണ്ടാണ് സിനിമ പഠിച്ചതെന്നും സ്വാഭാവികമായി ഇഷ്ടപ്പെട്ട സിനിമകൾ നന്നായി ഇൻഫ്ലുവൻസ് ചെയ്യുമെന്നും പ്രിയദർശൻ പറയുന്നു. ആദ്യകാലങ്ങളിൽ ചെയ്ത സിനിമകൾക്ക് മറ്റുള്ളവയുടെ ഛായ ഉണ്ടാവുമെന്നും എന്നാൽ കാലക്രമേണ അതിൽ മാറ്റം വന്നെന്നും പ്രിയദർശൻ പറയുന്നു. കാലാപാനി, കാഞ്ചിവരം തുടങ്ങിയ തന്റെ ചിത്രങ്ങൾ ഒറിജിനൽ സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ സിനിമ കണ്ട് പഠിച്ച് സിനിമയെടുത്ത ആളാണ്. അല്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ച ആളൊന്നുമല്ല. നമുക്ക് ഇഷ്ടപ്പെട്ട സിനിമകളെല്ലാം നമ്മൾ എടുക്കുന്ന സിനിമയെ ഇൻഫ്ലുവൻസ് ചെയ്യും. കാരണം സിനിമ കണ്ട് പഠിച്ച് സിനിമ ചെയ്ത ആളാണ് ഞാൻ.

അങ്ങനെ കണ്ട സിനിമകളിൽ അന്നത്തെ എല്ലാ സംഭവങ്ങളും ഇൻഫ്ലുവൻസ് ചെയ്യും. പക്ഷെ എന്താണെന്ന് വെച്ചാൽ ആദ്യകാലങ്ങളിൽ ഞാൻ ചെയ്ത സിനിമകളിൽ മറ്റ് സിനിമകളുടെ ഒരു ഛായ ഉണ്ടായിരുന്നു.

പിന്നീട് അതിന് ഇൻസ്പറേഷൻ വന്നു. അതുപോലൊരു സിനിമ എന്ന നിലയിലേക്കാവും. പിന്നെ കുറച്ച് കഴിയുമ്പോൾ അതിലും മാറ്റം വരും. ഇപ്പോൾ കാലാപാനിയും കാഞ്ചിവരവുമൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ടില്ല. കാഞ്ചിവരമൊന്നും ചെയ്യുമ്പോൾ ഒരു സിനിമയും ഇൻഫ്ലുവൻസ് ചെയ്തിട്ടില്ല. അതൊക്കെ വളരെ ഒറിജിനൽ ആയിട്ടെടുത്ത സിനിമയാണ്,’പ്രിയദർശൻ പറയുന്നു

Content highlight: Priyadarshan About His Films