അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് അന്തസ്സോടെ വേണം ചെയ്യാനെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മാതൃഭൂമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവമായ ‘ക’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കാനാകില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
‘എല്ലാ മനുഷ്യര്‍ക്കും അവരുടേതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊരിക്കലും നിഷേധിക്കാനാകില്ല. പക്ഷെ അങ്ങനെയാണെങ്കിലും, അഭിപ്രായം പറയുമ്പോള്‍ ഒരല്‍പം അന്തസ്സോടെ പറയണമെന്നാണ് എനിക്ക് പറയാനുള്ളത്,’ പ്രിയദര്‍ശന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയുള്ള അഭിപ്രായ പ്രകടനങ്ങള്‍ പലര്‍ക്കും ഇന്നൊരു ജീവിതമാര്‍ഗമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. പണ്ടത്തെ ചായക്കടകളും കലുങ്കുകളും അക്കാലത്തെ സോഷ്യല്‍ മീഡിയയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പണ്ടും സോഷ്യല്‍ മീഡിയ ഉണ്ട്. ഞങ്ങള്‍ സിനിമ പിടിക്കുന്ന കാലത്തും പ്രേം നസീറിന്റെ കാലത്തുമെല്ലാം പല തരത്തിലുള്ള സോഷ്യല്‍ മീഡിയകളുണ്ട്. പക്ഷെ അതൊക്കെ ചായക്കടകളുടെയും കലുങ്കുകളുടെയും അവിടെ വരെയെത്തി ഒതുങ്ങിനിന്നിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരക്കുന്നു.
മാത്രമല്ല, അന്ന് ചായക്കടയിലിരുന്ന് സംസാരിച്ചാല്‍ കിട്ടിയിരുന്നത് ഒരു ചായയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പലര്‍ക്കും സോഷ്യല്‍ മീഡിയ ഒരു ജീവിതമാര്‍ഗമാണ്. കൂടുതല്‍ എക്‌സ്‌പോഷറും ലഭിക്കുന്നുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.
തങ്ങളേക്കാള്‍ മികച്ച ചിത്രങ്ങളാണ് പുതിയ തലമുറ ചെയ്യുന്നതെന്നും അവരോടൊപ്പം പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പരിപാടിയില്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പലപ്പോഴും കോംപ്ലക്‌സ് തോന്നാറുണ്ടെന്നും ഇത്രയും നാളത്തെ അനുഭവമുള്ളതുകൊണ്ട് മാത്രമാണ് മുന്നോട്ടു നീങ്ങുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മിന്നാരത്തിന്റെ ഹിന്ദി റീമേക്കായ ഹംഗാമയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പിരീയഡ് ഡ്രാമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹവുമാണ് പ്രിയദര്‍ശന്റെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍.
Content Highlight: Priyadarshan about freedom of speech and expression