ബോയിങ് ബോയിങ് സിനിമ ചെയ്യാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ മുകേഷ് എന്നിങ്ങനെയുള്ള നടന്മാര്‍ക്ക് ഒപ്പമുണ്ടായിരുന്നത് ശരിയായി അഭിനയിക്കാന്‍ അറിയാത്ത മൂന്ന് നടിമാരായിരുന്നുവെന്നും അവര്‍ വെറുതെ നില്‍ക്കുമ്പോള്‍ ഭയങ്കര ക്രിതൃമത്വം അനുഭവപ്പെടുമായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അതുകൊണ്ട് അവര്‍ക്ക് താന്‍ എപ്പോഴും ചെയ്യാന്‍ ആക്ടിവിറ്റികള്‍ കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ബോയിങ് ബോയിങ് സിനിമ ചെയ്യുമ്പോള്‍ താന്‍ കുറേ കാര്യങ്ങള്‍ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് ഒരിക്കലും നാലു പേര് കസേരയില്‍ ഇരുന്ന് സംസാരിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ആക്ടിവിറ്റി കൊടുക്കുകയെന്നതാണ് ഞാന്‍ എപ്പോഴും ചെയ്യാറുള്ളത്.
അതുകൊണ്ട് ഒരിക്കല്‍ എടുത്ത ഫ്രെയിം നമുക്ക് വീണ്ടും റിപീറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇല്ലെങ്കില്‍ നാലുപേരും ഒരിടത്ത് നില്‍ക്കുയെന്ന് പറയുന്നത് നമുക്ക് ഭയങ്കര ലിമിറ്റേഷനാണ്. ഇത് ഏറ്റവും കൂടുതല്‍ ഞാന്‍ പഠിച്ചത് ബോയിങ് ബോയിങ് സിനിമയില്‍ നിന്നാണ്. അതിനുള്ള കാരണം ഞാന്‍ പറഞ്ഞ് തരാം.
ആരെയും ഇന്‍സള്‍ട്ട് ചെയ്യാനല്ല ഞാന്‍ ഇത് പറയുന്നത്. മോഹന്‍ലാല്‍ മുകേഷ് എന്നിങ്ങനെ ബ്രില്യന്റായിട്ടുള്ള നടന്മാര്‍ ഇപ്പുറത്ത് നില്‍ക്കുമ്പോള്‍ നേരെ ചൊവ്വെ നടക്കാന്‍ പോലും അറിയാത്ത മൂന്ന് നടിമാരാണ് അപ്പുറത്ത് നില്‍ക്കുന്നത്.
ഇവരെ രണ്ട് പേരെയും ബാലന്‍സ് ചെയ്യുകയെന്നൊരു ഇഷ്യു വന്നപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. അവര്‍ക്ക് എപ്പോഴും എന്തെങ്കിലും ആക്ടിവിറ്റി കൊടുക്കണം. ആക്ടിവിറ്റിയും അതിന്റെ കൂടെ ഡയലോഗും കൊടുക്കുമ്പോള്‍ അവര്‍ ആര്‍ട്ടിഫിഷ്യലാവുന്നില്ല,” പ്രിയദര്‍ശന്‍ പറഞ്ഞു.
content highlight: priyadarshan about boeing boeing movie