| Friday, 4th August 2023, 3:57 pm

മോഹൻലാലിനെയും ജഗതിയെയും പോലെയാണാ നടി; അഭിനയിക്കുമ്പോൾ കട്ട് പറയാൻ മറന്നുപോകും: പ്രിയദർശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഉർവശി അഭിനയിക്കുമ്പോൾ ആക്ഷൻ പറഞ്ഞതിന് ശേഷം കട്ട് പറയാൻ വരെ മറന്ന് പോകുമെന്ന് സംവിധായകൻ പ്രിയദർശൻ. അവരുടെ രക്തത്തിൽ വരെ അഭിനയം ഉണ്ടെന്നും പല ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവശിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശരിക്കുമുള്ള ഫീമെയ്ൽ മോഹൻലാൽ ആണ് നടി ഉർവശി. പണ്ട് മലയാളത്തിൽ കോമഡി ചെയ്യാൻ സ്ത്രീകൾ കുറവായിരുന്നു. ലളിത ചേച്ചി അല്ലെങ്കിൽ സുകുമാരി ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളു.

അന്ന് ഹീറോയിൻസായിട്ടുണ്ടായിരുന്നവരിൽ കോമഡിയും ചെയ്തുകൊണ്ടിരുന്ന നടിയാണ് ഉർവശി. ഒരു നടി എന്ന നിലയിൽ അവരുടെ ഫ്ലെക്സിബിലിറ്റി അവിശ്വസനീയമാണ്.

ആറോ എട്ടോ വയസിൽ മറ്റോ അഭിനയിക്കാൻ തുടങ്ങിയതാണ്, അതുകൊണ്ടാകാം 700 സിനിമയൊക്കെ എത്തി നിൽക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും അവർ അഭിനയിച്ചു. എല്ലാം കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവശി.

ഉർവശിയുടെ അച്ഛനൊക്കെ നാടകത്തിൽ ഉണ്ടായിരുന്നതുകൊണ്ട് രക്തത്തിൽ തന്നെ അഭിനയം ഉണ്ട്. പുള്ളിക്കാരിയെ നമ്മൾ ഒരു മലയാള നടിയായിട്ടാണ് കണ്ടിട്ടുള്ളത്. എം.എ തമിഴ് പഠിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. അത്രക്ക് അറിവുള്ള ആളാണ്. പല ഡയലക്റ്റുകളും (ഭാഷഭേദം) സംസാരിക്കാൻ അറിയാം. ഒരു പക്ഷെ മലയാള സിനിമയിലെ പല നടിമാർക്കും മാത്രമുള്ള ഗുണം ആയിരിക്കും അത്. മറ്റുഭാഷകളിലെ നടിമാരിൽ ഇതുവരെ അത്തരത്തിലുള്ള ഒരു സ്കിൽ കണ്ടിട്ടില്ല. മലയാളത്തിലെ നടിമാർ ഒരിക്കലും അഭിനയിക്കുകയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. ജീവിക്കുകയാണെന്നേ തോന്നൂ.

പലപ്പോഴും മോഹൻലാലും ജഗതിയും ഒക്കെ അഭിനയിക്കുമ്പോൾ ആക്ഷൻ പറഞ്ഞാൽ കട്ട് പറയാൻ മറന്ന് പോകും. അതുപോലെയാണ് ഉർവശിയുടെ അഭിനയം,’പ്രിയദർശൻ പറഞ്ഞു.

നാടകീയമായി ചയ്യേണ്ട സീനുകൾ പോലും വളരെ നാച്വറൽ ആയി അഭിനയിക്കാൻ ഉർവശിക്ക് കഴിയുമെന്നും അഭിനയത്തിൽ പലപ്പോഴും പക്വത തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ നാടകീയമായ രംഗങ്ങൾ പോലും നാച്വറൽ ആയി അഭിനയിച്ച് ഫലിപ്പിക്കാൻ ഉർവശിക്കാകും. അതാണ് അവരെ മറ്റ് അഭിനേതാക്കളിൽ വ്യത്യസ്തയാക്കുന്നത്. അസാധ്യ ടൈമിങ്ങും, അഭിനയത്തിൽ വളരെ പക്വതയും വന്ന നടിയാണ്. 700 സിനിമയിൽ ഒക്കെ അഭിനയിച്ചതിന്റെ പക്വതയും എക്‌സ്‌പീരിയൻസുമാണ് അവരിൽ കാണാൻ സാധിക്കുന്നത്. നമുക്ക് ഉർവശിയെ ഓർത്ത് അഭിമാനിക്കാം. പുള്ളിക്കാരിയുടെ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല,’ പ്രിയദർശൻ പറഞ്ഞു.

Content Highlights: Priyadarsan on Urvashi

We use cookies to give you the best possible experience. Learn more