ചെന്നൈ: അടുത്ത കാലത്തായി മലയാള സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത് മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ ചിത്രവുമായി എത്തുന്ന എന്ന പ്രഖ്യാപനം കണ്ടാണ്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ഒരേ ചിത്രവുമായി എത്തുന്നു എന്ന വാര്‍ത്ത ചൂട് പിടിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ ഒഴിവാക്കാനായി തന്റെ ചിത്രം ഉപേക്ഷിക്കുകയാണെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിക്കുകയായിരുന്നു. “മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്ന” പ്രസ്താവനയോടൊപ്പമാണ് താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്.
എന്നാല്‍ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ തന്റെ നിലപാട് വ്യക്തമാക്കുകയും മമ്മൂട്ടിക്കും സന്തോഷ് സിവനും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്.
“മൂന്ന് വര്‍ഷം മുമ്പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്” പ്രിയദര്‍ശന്‍ പറഞ്ഞു.
ഇതുപോലൊരു അവസ്ഥ മുമ്പ് ബോളിവുഡില്‍ ഉണ്ടായിരുന്നതായും പ്രിയദര്‍ശന്‍ പറഞ്ഞു. ഭഗത് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി 2002ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ “ലെജന്റ് ഓഫ് ഭഗത് സിങ്ങും” ബോബി ഡിയോളിന്റെ “23 മാര്‍ച്ച് 1931” ഉം വന്‍ പരാജയമായിരുന്നു. എന്നു മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെ പോലും ബാധിച്ചുവെന്നും ഇതേ അവസ്ഥ മലയാള സിനിമയില്‍ ഉണ്ടായിക്കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
“സാമൂതിരിമാര്‍ക്കെതിരെ പട നയിച്ച് ഒടുവില്‍ തൂക്കിലേറ്റപ്പെട്ടവനാണ് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍. കടലിനോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കഥ വികസിക്കുന്നത്, കടലില്‍ വെച്ച് ചിത്രീകരണം നടത്താന്‍ എളുപ്പമല്ല താനും. അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന ചിത്രീകരണത്തോടൊപ്പം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഭാഷയ്ക്കപ്പുറമുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ കൂടി ആകര്‍ഷിക്കുന്ന തരത്തിലാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മലയാളത്തിന് പുറത്തുനിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിലുണ്ടാകും.” പ്രിയദര്‍ശന്‍ പറയുന്നു.