കൊച്ചി: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്ശന് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നു. ജനപ്രിയ നായകന് ദിലീപ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളി സിനിമാ ലോകത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തായിരുന്നു ഇത്. എന്നാല്‍ അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് താന്‍ ചിന്തിച്ചിട്ടുപോലുമില്ല എന്നാണ് പ്രിയദര്ശന് പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി-ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പ്രിയന് നിഷേധിച്ചത്.
നാല് സിനിമകള്‍ക്ക് വേണ്ടിയാണ് ഇതുവരെ പ്രിയനും മമ്മൂട്ടിയും കൈ കോര്‍ത്തത്. നാലും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ 1999 ല്‍ പുറത്തിറങ്ങിയ മേഘം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ആ സിനിമയും വലിയ പരാജയമായി. അതിന് ശേഷം ഒരു ചിത്രം മമ്മൂട്ടിയ്ക്കൊപ്പം പ്രിയന് ചെയ്തിട്ടില്ല.
മേഘത്തിന് ശേഷം ഒരു മമ്മൂട്ടി പ്രിയന് ചിത്രങ്ങള്‍ പിറക്കാതായതോടെ ഇരുവരും ശത്രുക്കളാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. മമ്മൂട്ടി എന്നും തന്റെ അടുത്ത സുഹൃത്താണെന്ന് പ്രിയന് പറഞ്ഞതോടെ, ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചും സിനിമ ലോകം സംസാരിക്കാന്‍ തുടങ്ങി.
പ്രിയനും മമ്മൂട്ടിയും ഏറ്റവുമൊടുവില്‍ ഒന്നിച്ച മേഘം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ദിലീപ് എത്തിയിരുന്നു. വെട്ടം എന്ന ചിത്രമാണ് ദിലീപിനെ നായകനാക്കി പ്രിയദര്ശന് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് പ്രിയദര്ശന് തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയെയും ദിലീപിനെയും നായകന്മാരാക്കി അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് താന്‍ ചിന്തിച്ചിട്ട് പോലുമില്ല എന്നാണ് പ്രിയന് പറയുന്നത്.
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ചെയ്ത ഒപ്പമാണ് പ്രിയന് വിജയം സമ്മാനിച്ചത്. പ്രിയന്റെ അടുത്ത ചിത്രവും മോഹന്‍ലാലിനൊപ്പമാണെന്നാണ് കേള്‍ക്കുന്നത്. സ്പോര്ട്സന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായിരിക്കും അത്.