|

ഒരു തുള്ളി മേക്കപ്പ് ഇട്ടിട്ടില്ല, എന്നെ ഞാനാക്കിയ എല്ലാ ഘടകങ്ങളും ഈ സിനിമക്ക് വേണ്ടി മാറ്റിയിട്ടുണ്ട്: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ പ്രിയ വാര്യരാക്കിയ എല്ലാ ഘടകങ്ങളും ലൈവ് എന്ന സിനിമക്ക് വേണ്ടി മാറ്റിയിട്ടുണ്ടെന്ന് പ്രിയ വാര്യര്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വാര്യര്‍ ഈ സിനിമക്ക് വേണ്ടി ചെയ്തിട്ടുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിച്ചത്.

ഞാന്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ ചെയ്തിട്ടുള്ളത്. ടീസറൊക്കെ കണ്ടാല്‍ മനസിലാകും, വളരെ പാവപ്പെട്ട, ഒരു നാടന്‍ ലുക്കുള്ള, വളരെ ചെറിയ ഒരു ലോകത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഈ സിനിമയില്‍ ഞാന്‍ ചെയ്തത്. മെഡിസിന്‍ പഠിക്കണം, ഡോക്ടറാകണം എന്ന് മാത്രം ആഗ്രഹമുള്ള വളരെ നിഷ്‌കളങ്കയായിട്ടുള്ള ഒരു പെണ്‍കുട്ടി.

എന്നെ സംബന്ധിച്ച് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ. കാരണം ഞാന്‍ ഇതുവരെ അങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടില്ല. പ്രേക്ഷകര്‍ ഇതുവരെ എന്നെ അങ്ങനെയൊരു വേഷത്തില്‍ കണ്ടിട്ടുമില്ല. നാടന്‍ ലുക്ക് എനിക്ക് ചേരുമോ എന്നുള്ളൊരു ചോദ്യം എല്ലാവര്‍ക്കുമുണ്ടാകും. പക്ഷെ വി.കെ. പ്രകാശിന് ആ സംശയമുണ്ടായിരുന്നില്ല. അന്ധമായി അദ്ദേഹത്തെ വിശ്വസിച്ച് കൊണ്ടാണ് ഞാന്‍ ഈ സിനിമക്ക് സമ്മതം പറഞ്ഞത്.

തുടക്കത്തില്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു, മേക്കപ്പ് ഇടില്ല, കമ്മലുകള്‍ അഴിച്ചുവെക്കണം, ആ തരത്തില്‍ എന്നെ പ്രിയയാക്കി മാറ്റിയ എല്ലാ ഘടകങ്ങളും ഒഴിവാക്കണമെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റടായിരുന്നു. കാരണം ഓരോ സിനിമ ചെയ്യുമ്പോഴും എന്നില്‍ നിന്നും കഥാപാത്രത്തിനെ വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ട്. ആ തരത്തില്‍ എന്തെങ്കിലുമൊരു ചെറിയ മാറ്റമെങ്കിലും വരുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ സിനിമയില്‍ ഒരു തുള്ളിപോലും മേക്കപ്പ് ഇട്ടിട്ടില്ല. അതു കൊണ്ട് തന്നെ ലൈവ് എന്ന സിനിമ കാണാന്‍ ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

content highlights: Priya Warrier talks about the changes that have been implemented for the character