|

പ്രശസ്തി വലിയ സന്തോഷം തന്നിട്ടില്ല, എന്നാല്‍ അതുകൊണ്ട് ഒരു ഗുണമുണ്ടായിട്ടുണ്ട്: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയില്‍ തരംഗം സൃഷ്ടിച്ച നടി ആണ് പ്രിയ വാര്യര്‍. ആദ്യ സിനിമയില്‍ തന്നെ ആരാധകര്‍ക്കൊപ്പം വളരെയധികം പ്രശസ്തിയും നേടിയ താരം കൂടിയാണ് പ്രിയ. പ്രശസ്തി തനിക്ക് വലിയ സന്തോഷം ഒന്നും തന്നിട്ടില്ലെന്നും തനിക്ക് അഭിനയം ഇല്ലാതിരിക്കുന്ന സമയത്ത് സാധാരണ ഒരു 23 കാരിയായി നടക്കാനാണ് ഇഷ്ടം എന്നും പറയുകയാണ് പ്രിയ വാര്യര്‍.

പക്ഷെ ആളുകള്‍ തന്നെ തിരിച്ചറിയുന്നതും അടുത്ത് വന്നു സംസാരിക്കുന്നതും സ്നേഹം തരുന്നതും താന്‍ എന്‍ജോയ് ചെയാറുണ്ട് എന്നും പ്രിയ പറഞ്ഞു. മിര്‍ച്ചി മലയാളം ചാനലില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പ്രിയയുടെ പരാമര്‍ശങ്ങള്‍.

‘ഇന്ന് എന്നെ പറ്റിയാണ് സംസാരിക്കുന്നതെങ്കില്‍ നാളെ മറ്റൊരാളെ പറ്റിയാവും സംസാരിക്കുന്നത്. എന്റെ ഉത്തരവാദിത്തം എന്ന് പറഞ്ഞാല്‍ എനിക്ക് കിട്ടിയിട്ടുള്ള അവസരത്തെ സസ്റ്റെയ്ന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്കിലൂടെ മൂന്നോട്ട് പോവുക എന്നതാണ്. എനിക്ക് അങ്ങനെ പ്രശസ്തി കൊണ്ട് ഭയങ്കരമായ ഒരു സന്തോഷം ഒന്നും തോന്നിയിട്ടില്ല. ഇതുവരെ അങ്ങനെ ഒരു ഫീല്‍ ഉണ്ടായിട്ടില്ല.

അഭിനയിക്കാത്ത സമയത്ത് ഒരു സാധാരണ 23 കാരിയായി നടക്കാനാണ് ഇഷ്ടം. പക്ഷെ തീര്‍ച്ചയായും ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുന്നതും അടുത്ത് വന്നു സംസാരിക്കുന്നതും സ്നേഹിക്കുന്നതും ഞാന്‍ വളരെ എന്‍ജോയ് ചെയ്യാറുണ്ട്. പ്രശസ്തി കൊണ്ട് എനിക്ക് കിട്ടിയ മറ്റൊരു ഗുണം എവിടെ പോയാലും ആളുകള്‍ക്ക് എന്റെ പേര് പറഞ്ഞാല്‍ അറിയാമെന്നതാണ്. തിരിച്ചറിയപ്പെടുക എന്നുള്ളത് മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്റെ ഭാഗ്യമാണ് ഒരു അവസരം കിട്ടിയതും തിരിച്ചറിയപ്പെടുന്നതും.

തൃശ്ശൂരിലെ സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന ഒരു കുട്ടിയാണ് ഞാന്‍. സിനിമയില്‍ അവസരം കിട്ടിയതോടെ ഇത്രയും പേരെ കാണാനും ലോകം എങ്ങനെയൊക്കെയാണെന്ന് മനസിലാക്കാനും പറ്റി. പ്രശസ്തിക്ക് സ്നേഹം മാത്രം അല്ല ഒരു ഡൗണ്‍ സൈഡ് കൂടി ഉണ്ട്. അത് എനിക്കൊരു മോട്ടിവേഷന്‍ ആയി. തന്റെ കഴിവിനെ തെളിയിക്കാനുള്ള ഒരു പുഷ് ആയി,’ പ്രിയ പറഞ്ഞു.

Content Highlight: priya warrier talks about fame