|

എന്നെ ഹിറ്റാക്കിയവര്‍ തന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നു; നസ്രിയയെ സന്തോഷിപ്പിക്കാന്‍ തന്നെ ട്രോളുന്നതെന്തിനെന്നും പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

“ഒരു അഡാര്‍ ലവ്” എന്ന ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ ഹിറ്റായി മാറിയ താരമാണ് നടി പ്രിയ വാര്യര്‍.

ദേശീയ മാധ്യമങ്ങള്‍ വരെ പ്രിയയുടെ കണ്ണിറുക്കല്‍ ഗാനം വാര്‍ത്തയാക്കി. എന്നാല്‍ അധികം വൈകാതെ തന്നെ പ്രിയയും ചിത്രത്തിലെ ഗാനവും വിവാദത്തില്‍പ്പെട്ടു.

തന്നെ ഹിറ്റാക്കിയ ആളുകള്‍ തന്നെ ഇപ്പോള്‍ വലിച്ചുകീറാന്‍ നോക്കുകയാണെന്നും തന്നെ പരിഹസിച്ചുകൊണ്ടുള്ള പല ട്രോളുകളും വേദനിപ്പിച്ചെന്നും തുറന്നുപറയുകയാണ് പ്രിയ വാര്യര്‍.

അഭിനേത്രി എന്ന നിലയില്‍ കഴിവ് തെളിയിക്കാനുള്ള അവസരം പോലും നല്‍കാതെയാണ് ട്രോളന്മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പ്രിയ വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

“എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് “കൂടെ” സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.

“നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല” എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.- പ്രിയ വാര്യര്‍ പറയുന്നു.


നടി സ്വാതി റെഡ്ഡി വിവാഹിതയായി


ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല. നന്നായി അഭിനയിക്കാന്‍ അറിയുമോയെന്നൊക്കെ കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ എന്നെ കുറ്റപ്പെടുത്തുന്നു. വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?” പ്രിയ വാര്യര്‍ ചോദിക്കുന്നു.

താന്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം വലിയ നഷ്ടമാണെന്ന് പറഞ്ഞായിരുന്നു ഒരു കൂട്ടര്‍ പ്രചരണം നടത്തിയതെന്നും പ്രിയ പറയുന്നു. “ഐ.പി.എല്‍ സമയത്താണ് മഞ്ചിന്റെ പരസ്യം ചെയ്തത്. സീസണ്‍ അവസാനിച്ചപ്പോള്‍ പരസ്യവും കുറച്ചു. പിന്നീടാണ് ചാനല്‍ വര്‍ത്തകളിലൊക്കെ ഒരു കോടി ചിലവില്‍ ചെയ്ത പ്രിയ വാര്യരുടെ പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്നും പരസ്യം പിന്‍വലിച്ചെന്നുമൊക്കെ കാണുന്നത്. മഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കേറ്റവും ലാഭമുണ്ടാക്കിയ പരസ്യമാണതെന്നാണ് അവര്‍ പറഞ്ഞത്. തെറ്റിദ്ധാരണ മാറ്റാന്‍ പത്ര സമ്മേളനം നടത്താമെന്നും പറഞ്ഞു. പക്ഷെ ഇപ്പോഴും ആ വ്യാജ വാര്‍ത്ത സത്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്.

രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് എന്നെ കോപ്പിയടിച്ചാണെന്നും പറഞ്ഞായിരുന്നു അടുത്ത ആരോപണം. കോളേജില്‍ നിന്നും വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ ചാനലുകാര്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു. അദ്ദേഹം വിങ്ക് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷെ കുറച്ചു കൂടി അതിശയോക്തി കലര്‍ന്ന മറുപടി വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ സിഗ്നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് അങ്ങ് പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ സിംബല്‍ കോപ്പിയടിച്ചെന്ന് ഞാന്‍ പറഞ്ഞതായാണ് വാര്‍ത്തയും ട്രോളും വന്നത്. ഞാന്‍ പിന്നെ എങ്ങനെയാണ് പറയേണ്ടത്. ഈ വിവാദങ്ങളൊക്കെ വെറുതെ ഉണ്ടാക്കുകയാണ് ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ചു ആളുകളാണ് ഇതിന് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്”- പ്രിയ പറയുന്നു.