സൂരജ് വര്‍മ്മ സംവിധാനം ചെയ്ത് രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന സിനിമയാണ് കൊള്ള. സിനിമയിലെ ഒരു സീനില്‍ രജിഷ വിജയന്‍ കരയുന്നത് കണ്ടിട്ട് താനും കരഞ്ഞു എന്ന് പറയുകയാണ് പ്രിയ വാര്യര്‍. കൊള്ള എന്ന സിനിമയിലെ ഒരു സീനില്‍ രജിഷ വിജയന്‍ വളരെ നാച്ചുറല്‍ ആയി ഗ്ലിസറിന്‍ ഒന്നും ഉപയോഗിക്കാതെയാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു.
താന്‍ മറ്റു സിനിമകളില്‍ അഭിനേതാക്കള്‍ ഇങ്ങനെ അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും രജിഷയുടെ അഭിനയം കണ്ടിട്ട് ഗ്ലിസറിന്‍ ഇല്ലാതെ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനമായി എന്നും പ്രിയ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘രജിഷ ചേച്ചി കരയുന്ന ഒരു സീന്‍ കണ്ടിട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ആ ഒരു സീനിനു വേണ്ടി ചേച്ചി തയാറെടുക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര ആകാംക്ഷയായിരുന്നു എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന്. കാരണം ആ സീന്‍ ഒരു ക്രൂഷ്യല്‍ സീനായിരുന്നു. ആ സീനില്‍ എന്റെ കഥാപാത്രത്തിന്റെ ആവശ്യം എന്താണെന്നു വെച്ചാല്‍ ചേച്ചിയുടെ കഥാപാത്രത്തിന് സപ്പോര്‍ട്ട് കൊടുക്കുക എന്നായിരുന്നു. പക്ഷെ ചേച്ചി ആക്ഷന്‍ പറഞ്ഞിട്ട് കരയാനൊക്കെ തുടങ്ങിയപ്പോള്‍ ഞാനും കരഞ്ഞുപോയി. അതായത് ചേച്ചി നാച്ചുറലി കരയും. ഗ്ലിസറിനൊന്നും വേണ്ട. കരയുന്നത് ഒട്ടും ഫേയ്ക്കിങ് അല്ല.
കരയുമ്പോള്‍ നമുക്ക് സാധാരണ സംഭവിക്കുന്ന കാര്യങ്ങളുണ്ടല്ലോ, അത് ഗ്ലിസറിനിട്ടാല്‍ ഒരു ലിമിറ്റ് വരെയേ നമുക്ക് കിട്ടുകയുള്ളു. ഞാന്‍ കരയുമ്പോള്‍ മൂക്കും കവിളും എല്ലാം ചുമക്കും. അത് നമുക്ക് ഗ്ലിസറിന്‍ ഇട്ടാല്‍ കിട്ടില്ല. അതൊക്കെ ചേച്ചിക്ക് നിര്‍ബന്ധമാണ്, കരയുകയാണെങ്കില്‍ ആളുകള്‍ക്ക് ഫേക്ക് ആയി തോന്നരുത്. ചേച്ചി കരയുന്നത് കണ്ടിട്ട് എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു. ശരിക്കും എനിക്ക് ആ സീനില്‍ കരയേണ്ട ആവശ്യം ഇല്ല, സ്ട്രോങ് ആയി നിക്കുകയാണ് വേണ്ടത്. പക്ഷെ ചേച്ചി കരഞ്ഞപ്പാള്‍ എനിക്കും വിഷമം വന്നു.
എനിക്ക് അത് ഭയങ്കര പ്രചോദനമായി തോന്നി. അത് വരെയുള്ള സിനിമകളില്‍ ഇതുപോലെ തോന്നിയിട്ടില്ല. എല്ലാ ആക്ടേഴ്സും കരയുന്നത് അഭിനയിക്കുന്നത് കണ്ടിട്ട് അത്ഭുതപ്പെട്ട് നിക്കാറുള്ളതല്ലാതെ എനിക്ക് എങ്ങനെ രജിഷ ചേച്ചി ചെയ്യാറുള്ളത് പോലെ ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ചിട്ടില്ല. എനിക്ക് അങ്ങനെ ഗ്ലിസറിന്‍ ഇല്ലാതെ ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ചേച്ചി അഭിനയിക്കുന്നത് കണ്ടതിനു ശേഷം എനിക്ക് അങ്ങനെ ഒരു താത്പര്യം തോന്നി ഒരു തുള്ളി ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെ അടുത്ത സിനിമയില്‍ അഭിനയിക്കണമെന്ന്,’ പ്രിയ വാര്യര്‍ പറഞ്ഞു.
Content Highlight: priya warrier about rajisha vijayan’s acting