എന്റെ കൂടെ കൂട്ടുകൂടി നടക്കാന്‍ കുട്ടികളെ വിടേണ്ടെന്ന് ടീച്ചര്‍മാര്‍ രക്ഷിതാക്കളോട് പറയും; ആ കാരണം കൊണ്ട് പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് എപ്പോഴും വിളിപ്പിക്കും: പ്രിയ വാര്യര്‍
Entertainment news
എന്റെ കൂടെ കൂട്ടുകൂടി നടക്കാന്‍ കുട്ടികളെ വിടേണ്ടെന്ന് ടീച്ചര്‍മാര്‍ രക്ഷിതാക്കളോട് പറയും; ആ കാരണം കൊണ്ട് പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് എപ്പോഴും വിളിപ്പിക്കും: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th December 2022, 12:10 pm

സ്‌കൂളില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് പറയുകയാണ് നടി പ്രിയ വാര്യര്‍. സ്‌കൂളില്‍ എല്ലാവരും തന്നെ വിലയിരുത്താറുണ്ടെന്നും സ്ലട്ട് ഷേയിമിങ് വരെ ചെയ്തിട്ടുണ്ടെന്നുമാണ് നടി പറഞ്ഞത്.

സുഹൃത്തുക്കളുടെ രക്ഷിതാക്കളോട് തന്റെ കൂടെ മക്കളെ കൂട്ടൂകൂടാന്‍ അനുവദിക്കരുതെന്ന് ടീച്ചര്‍മാര്‍ പറയാറുണ്ടെന്നും അതുകാരണം ആരു തന്നോട് സൗഹൃദം കൂടില്ലെന്നും പ്രിയ പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയിലാണ് പ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്‌കൂളിലായിരുന്നപ്പോള്‍ ഞാന്‍ നിരന്തരം ബുള്ളി ചെയ്യപ്പെട്ടിരുന്നു. എല്ലാവരും എന്നെ എല്ലാകാര്യത്തിലും ജഡ്ജും സ്ലട്ട് ഷേയിമിങ്ങും ചെയ്യുമായിരുന്നു. എന്തിനൊക്കെയോ അവരെന്നെ അകറ്റി നിര്‍ത്തുമായിരുന്നു.

ചിലപ്പോള്‍ സ്ലീവ്‌ലെസ് ഡ്രസ് ഇടുന്നത് സ്‌കൂളില്‍ ആര്‍ക്കും ഇഷ്ടമല്ല. പിന്നെ ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ലായിരുന്നു. ഇനി ആണ്‍കുട്ടികളോട് സംസാരിച്ചാല്‍ നമ്മള്‍ വിലയിരുത്തപ്പെടും സ്ലട്ട് ഷേയിമിങ്ങ് വരെ അതിന് ചെയ്യും.

 

അവള്‍ എന്ത് കളിച്ച് നടന്നാലും അവസാനം നല്ല മാര്‍ക്ക് കിട്ടും എന്നാണ് ടീച്ചര്‍മാര്‍ കൂടുതലും എന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. കുട്ടികളെ പ്രിയയുടെ കൂടെ കൂട്ടുകൂടി നടക്കാന്‍ വിടേണ്ട കാരണം അവള്‍ എല്ലാകളിയും കളിക്കും പക്ഷെ അവസാനം നല്ല മാര്‍ക്കും വാങ്ങും. നിങ്ങളുടെ കുട്ടികള്‍ അങ്ങനെയല്ലെന്നാണ് പറഞ്ഞുകൊടുക്കുക.

അങ്ങനെ ഞാന്‍ ഒന്നും ചെയ്യാതെ സ്‌കൂളില്‍ ഒക്കെ പോപ്പുലറായി മാറിയിരുന്നു. എന്നെ ആരും അവരുടെ ഗ്യാങ്ങില്‍ കൂട്ടില്ലായിരുന്നു. കഷ്ടിച്ച് ഒന്നോ, രണ്ടോ കൂട്ടുകാരാണ് എനിക്ക് ഉണ്ടാവുക. പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് എന്നെ എപ്പോഴും വിളിപ്പിക്കുമായിരുന്നു. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും അവര്‍ കുറ്റം കണ്ടുപിടിക്കുമായിരുന്നു,” പ്രിയ വാര്യര്‍ പറഞ്ഞു.

content highlight: priya warrier about her school life