| Thursday, 8th June 2023, 9:02 pm

അഡാര്‍ ലവ് ഞാന്‍ തിയേറ്ററില്‍ കണ്ടില്ല; സീനില്‍ ഇന്‍വോള്‍വായത് കൊണ്ടല്ല ആ സിനിമ കണ്ട് കരഞ്ഞത്: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഡാര്‍ ലവ്വിന് ശേഷം പ്രിയ വാര്യരുടെ പുറത്തിറങ്ങിയ സിനിമയാണ് 4 years. സിനിമ കണ്ട് കരഞ്ഞിറങ്ങിയ പ്രിയയുടെ വീഡിയോകള്‍ വൈറലായിരുന്നു. എന്നാല്‍ അന്ന് താന്‍ കരഞ്ഞതിന്റെ കാരണങ്ങള്‍ പറയുകയാണ് നടി. താന്‍ അഡാര്‍ ലവ് ബിഗ് സ്‌ക്രീനില്‍ കണ്ടില്ലെന്നും 4 yesar ആണ് താന്‍ അഭിനയിച്ച ആദ്യമായി തിയേറ്ററില്‍ കണ്ട സിനിമയെന്നും പ്രിയ പറഞ്ഞു.

തന്റെ കഥാപാത്രത്തെ കുറിച്ച് ചുറ്റിലുള്ളവര്‍ പറഞ്ഞപ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങിയെന്ന് നടി പറഞ്ഞു. സന്തോഷം കൊണ്ടുള്ള കണ്ണീരായിരുന്നു അതെന്നും അവര്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘നമ്മള്‍ അഭിനയിച്ച സിനിമ കാണുമ്പോള്‍ എത്രത്തോളം ജഡ്ജ് ചെയ്യാന്‍ പറ്റുമെന്ന് എനിക്കറിയില്ല. എനിക്ക് അത് ബയാസ്ഡ് ആയിട്ടാണ് തോന്നുന്നത്.
ജനറല്‍ ഓഡിയന്‍സിന് തോന്നുന്ന വികാരങ്ങള്‍ നമുക്ക് തോന്നണമെന്നില്ല. നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് നമുക്ക് പ്രത്യേക തരം ഇഷ്ടം തോന്നുമല്ലോ.

സിനിമയുടെ ഇംപാക്ട് കാരണം കരഞ്ഞതല്ല ഞാന്‍. പ്രിവ്യൂവിന് പോയ സമയത്താണെങ്കില്‍ പോലും 10മിനിട്ട് മുന്നേയാണ് തിയേറ്ററില്‍ കയറുന്നത്. ഞങ്ങള്‍ ഫുള്‍ സിനിമ കണ്ടിട്ടില്ല.

പിറ്റേ ദിവസം എന്റെ പാരന്റ്‌സിന്റൊപ്പം വന്ന് സിനിമ കാണാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ രഞ്ജിത്ത് സാറോട് വാശി പിടിച്ചാണ് ഞാന്‍ പറഞ്ഞത്. ഇന്ന് എനിക്ക് കാണണ്ട സര്‍, നാളെ എനിക്ക് ഫാമിലിയുടെ കൂടെ കണ്ടാല്‍ മതിയെന്ന്. അപ്പോള്‍ സര്‍ പറഞ്ഞു, എന്നാല്‍ ലാസ്റ്റ് 10 മിനിട്ട്‌സ് എങ്കിലും കയറാമെന്ന്. അങ്ങനെ കയറിയതാണ്.

കയറിയ സമയത്ത് ക്ലൈമാക്‌സിനോട് അടുക്കുകയാണ് സിനിമ. അതില്‍ ഗായത്രി (പ്രിയ വാര്യരുടെ കഥാപാത്രത്തിന്റെ പേര്) പറയുന്ന ഓരോ ഡയലോഗിനും കോളേജ് കുട്ടികള്‍ റെസ്‌പോണ്ട് ചെയ്യുന്നത് കണ്ടു. എന്റെ ജീവിതത്തില്‍ ഒരു സിനിമ ഞാനെന്റെ ജീവിതത്തില്‍ ബിഗ് സ്‌ക്രീനില്‍ കാണുകയാണ്.

ചെറുപ്പം തൊട്ട് ആഗ്രഹിച്ച് വന്നിട്ട് ഞാന്‍ എന്നെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കാണുകയാണ്. ആ കഥാപാത്രമായിട്ട് കുട്ടികള്‍ റിലേറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. ഗായത്രി പറയുന്ന ഓരോ ഡയലോഗുകളും അവര്‍ അവിടെ ഇരുന്നിട്ട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എനിക്ക് മൊത്തത്തില്‍ ഭയങ്കര ഓവര്‍വെല്‍മിങ്ങായി. ആ സമയത്ത് ഞാന്‍ ചിരിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണില്‍ നിന്ന് വെള്ളം വരാന്‍ തുടങ്ങി. ഹാപ്പി ടിയേര്‍സ് ആയിരുന്നു. ഞാനിങ്ങനെ കണ്‍ട്രോള്‍ ചെയ്ത് പിടിച്ചിരിക്കുകയാണ്.

ഞാനപ്പോഴും ആ സീനില്‍ ഇന്‍വോള്‍വ് ആയതൊന്നുമല്ല, ഞാനാണോ സ്‌ക്രീനില്‍ എന്ന് വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. അവസാനം ഞാന്‍ എന്റെ സ്വപ്‌നത്തിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവ് വരുന്ന ഒരു പോയിന്റുണ്ടല്ലോ. അഡാറ് ആണെങ്കിലും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. എന്റെ ഒരു സിനിമയും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. ആദ്യമായിട്ടാണ് കാണുന്നത്.

സിനിമ കഴിഞ്ഞ് ലൈറ്റിട്ടപ്പോള്‍ എല്ലാവരും എന്റെ അടുത്ത് വന്നിട്ട് അടിപൊളിയായി ചെയ്തിട്ടുണ്ടെന്നൊക്കെ പറയാന്‍ തുടങ്ങി. അപ്പോ പിന്നെ സങ്കടം വരാന്‍ അത് മതിയല്ലോ,’ പ്രിയ വാര്യര്‍ പറഞ്ഞു.

കൊള്ളയാണ് പ്രിയ വാര്യരുടെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ.

content highlights: priya warrier about adar love and 4 years

We use cookies to give you the best possible experience. Learn more