തല്ലുമാലയിലെ ഓളെ മെലഡി എന്ന ഗാനം ഇന്‍സ്റ്റ റീല്‍സിലും യൂട്യൂബ് ഷോട്‌സിലുമെല്ലാം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പഴയ മുസ്‌ലിം പാട്ടുകളുടെ ഈണവും താളവും വാക്കുകളും ഇടക്കിടക്ക് കിടിലന്‍ സങ്കതികളും വരുന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെയാണ്.
പാട്ട് പാടിയും ചുവടുകള്‍ വെച്ചുമെല്ലാം നിരവധി പേരെത്തുന്നുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരു അഡാര്‍ ഐറ്റവുമായി എത്തിയിരിക്കുകയാണ് നടി പ്രിയ വാര്യര്‍.
ഓളെ മെലഡി എന്ന പാട്ട് അതിമനോഹരമായി പാടിയാണ് താരം ഇന്‍സ്റ്റ ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിക്കുന്നത്. വീഡിയോ വ്യൂ രണ്ട് ലക്ഷത്തോളമായിരിക്കുകയാണ്.
സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം, കമന്റുകളിലൂടെ പ്രിയയെ അഭിനന്ദിക്കുന്നവരും ഏറെയാണ്. ‘പൊളിച്ചു’ എന്നാണ് രജിഷ വിജയന്റെ കമന്റ്.
അതേസമയം തല്ലുമാലയുടെ ഒ.ടി.ടി റിലീസിന് പിന്നാലെ തല്ലുമാലയിലെ ബ്രില്യന്‍സിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. സീന്‍ ബൈ സീനായി എടുത്ത് ക്യാരക്ടറൈസേഷനിലും പാട്ടിലെ വരികളിലും കോസ്റ്റിയൂംസിലും തല്ലുമാല ടീം ഒളിപ്പിച്ച വിദ്യകളൊന്നാന്നായി ആരാധകവൃന്ദം കണ്ടുപിടിച്ചിരുന്നു.
ഇപ്പോള്‍ ഒരു പരാരി-ഖാലിദ് റഹ്മാന്‍ ടീമിന്റെ അടുത്ത ഒരു കിടിലന്‍ ബ്രില്യന്‍സാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബ്രില്യന്‍സ് കണ്ടെത്തിയവര്‍ അത് വിവരിച്ചിരിക്കുന്നത്.
സംഭവം അറബിയിലാണ്. മണവാളന്‍ വസീം ചീഫ് ഗസ്റ്റായി വരുന്ന പരിപാടിയെ കുറിച്ച് പറയാന്‍ വികാസ് സത്താറിനെ വിളിക്കുന്ന സീനില്‍ ഉസ്താദ് ആയി ഇരിക്കുന്ന സത്താറിന്റെ ബോര്‍ഡില്‍ അറബിയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളാണ് ബ്രില്യന്‍സ്.
സംവിധാനം: ഖാലിദ് റഹ്മാന്‍, നിര്‍മാണം: ആഷിഖ് ഉസ്മാന്‍, എഴുതിയത്: മുഹ്സിന്‍ പരാരിയും ടീമും ഡി.ഒ.പി: ജിംഷി ഖാലിദ് – എന്നാണ് ആ ബോര്‍ഡിലെഴുതി ‘സത്താര്‍ സെര്‍’ കുട്ടികളെ പഠിപ്പിക്കുന്നത്.
ഈ ബ്രില്യന്‍സ് ഒരു ഒന്നൊന്നര ഐറ്റമായിട്ടുണ്ടെന്നും, നിങ്ങളെ നമിച്ചിരിക്കുന്നു എന്നെല്ലാമാണ് പോസ്റ്റിന് വരുന്ന കമന്റുകള്‍. കഴിഞ്ഞ ദിവസം ചിത്രത്തിലെ നോണ്‍ ലീനിയര്‍ കഥ ലീനിയറായി ചിത്രങ്ങളടക്കം വെച്ച് പറഞ്ഞു കൊടുത്ത പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനൊപ്പം നെറ്റ്ഫ്ളിക്സ് റിലീസിന് ചില വിവാദങ്ങളുടെ മാലയും തല്ലുമാലക്ക് കിട്ടുന്നുണ്ട്. തല്ലുമാലയുടെ കന്നട പതിപ്പില്‍ നിന്നും ബീഫിനെ പൂര്‍ണമായും വെട്ടിമാറ്റിയതാണ് ഏറ്റവും പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
സബ്ടൈറ്ററില്‍ മാറ്റം വരുത്തിയതായിരുന്നു അതിനു മുന്‍പ് നടന്ന സംഭവം. അണിയറപ്രവര്‍ത്തകരുടെ അറിവോ സമ്മതമോ ഇല്ലാതെ സബ്ടൈറ്റിലില്‍ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെ തല്ലുമാലയുടെ സബ്ടൈറ്റില്‍ തയ്യാറാക്കിയവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തല്ലുമാലയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഇംഗ്ലീഷ് സബ്ടൈറ്റിലല്ല നെറ്റ്ഫ്‌ളിക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് സബ്ടൈറ്റില്‍സ് ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് പറഞ്ഞത്.
Content Highlight: Priya Varrier sings Ole Melody, video goes viral