Entertainment news
ആളുകള്‍ കൂടി പ്രശ്‌നമാകുമെന്ന് പലരും പറഞ്ഞു, പിന്നീടാണ് കൈവിട്ട് പോയെന്ന് മനസിലായത്: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 11, 11:41 am
Sunday, 11th December 2022, 5:11 pm

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്ക മലരേ എന്നു തുടങ്ങുന്ന ഗാനരംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടി പ്രിയ വാര്യര്‍. സിനിമയില്‍ ആദ്യം അഭിനയിച്ചത് ആ ഗാനരംഗം ആണെന്നും താരം പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യത്തെ ഷോട്ടായിരുന്നു അത്. ഇങ്ങനെ ചെയ്യാന്‍ ഡയറക്ടര്‍ പറഞ്ഞു, ഞാന്‍ അത് ചെയ്തു. ആദ്യ ഷോട്ട് തന്നെ എല്ലാം ഓക്കെയായിരുന്നു. ഞാനെന്താണ് ചെയ്തിരിക്കുന്നതെന്ന് എല്ലാവരോടും  ചോദിച്ചിരുന്നു. നന്നായിട്ട് ചെയ്തിട്ടുണ്ടെന്നാണ് അന്ന് അവരൊക്കെ പറഞ്ഞത്. ഇത് ഹിറ്റാവുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എനിക്കൊന്ന് കാണിച്ച് തരുമോയെന്ന് ചോദിച്ചപ്പോള്‍, ഇല്ല സസ്പെന്‍സാണെന്നായിരുന്നു അവരുടെ മറുപടി.

പാട്ട് റിലീസ് ചെയ്യുന്ന സമയത്ത് ഞാന്‍ നല്ല എക്സൈറ്റ്മെന്റിലായിരുന്നു. എന്റെ മുഖം വരുമല്ലോയെന്നുള്ള സന്തോഷത്തിലായിരുന്നു അന്ന്. അമ്മയുടെ വാട്സാപ്പ് കോണ്ടാക്റ്റിലുള്ള എല്ലാവര്‍ക്കും പാട്ട് അയച്ച് കൊടുത്തിരുന്നു. വീഡിയോ കാണുമ്പോള്‍ ഞാനെവിടെ എന്നായിരുന്നു ആകാംക്ഷയോടെ നോക്കിയത്. ഞാന്‍ സ്‌ക്രീനില്‍ വന്നല്ലോയെന്ന ത്രില്ലിലായിരുന്നു ഞാന്‍.

അന്ന് പ്രശസ്തിയെക്കുറിച്ചൊന്നും എനിക്ക്  മനസിലായിരുന്നില്ല. നീ അതിനൊന്നും ചെയ്തില്ലല്ലോയെന്നായിരുന്നു അച്ഛന്റെയും അമ്മയുടേയും ഭാവം. ഞാനെന്ത് ഭയങ്കര കാര്യം ചെയ്തത് പോലെ പറഞ്ഞാലും, അവര് പറയും നീ ചെയ്തത് അതിന് മാത്രം ഒന്നുമില്ലല്ലോ എന്ന്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 18 വയസായിരുന്നു. എന്നെ പുറത്തുവിടരുത്, ആളുകള്‍ കൂടി പ്രശ്നമാവുമെന്നൊക്കെ അണിയറപ്രവര്‍ത്തകര്‍ വീട്ട്കാരോട് പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ആളുകള്‍ വിളിച്ചപ്പോഴാണ് ഇത് കൈവിട്ട് പോയെന്ന് ഞങ്ങള്‍ക്ക് മനസിലായത്.

 

എനിക്ക് സിനിമയുമായി ഒരു ബന്ധമില്ലായിരുന്നു. അച്ഛനോടും അമ്മയോടുമാണ് എല്ലാവരും എല്ലാം പറയുന്നത്. കോളുകള്‍ കൂടിയപ്പോഴാണ് അവര്‍ ഫോണൊക്കെ ഓഫ് ചെയ്യാന്‍ തുടങ്ങിയത്.

എന്റെ ഫ്രണ്ട്സ് എല്ലാവരും അന്നും ഇന്നും ഒരുപോലെ തന്നെയാണ്. അവരെന്നെ ഒരു സെലിബ്രിറ്റിയായി ട്രീറ്റ് ചെയ്യാറില്ല. ഇത്രയും എക്സ്പോഷര്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയും പക്വതയുള്ള ഒരാളായി മാറുമായിരുന്നില്ല. ഇതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള നെഗറ്റീവ് കമന്റുകളൊക്കെ അന്നും ഇന്നും കേള്‍ക്കുന്നുണ്ട്. അതിനെ എങ്ങനെ നേരിടണമെന്ന്  ഇപ്പോള്‍ പഠിച്ചു,’ പ്രിയ പറഞ്ഞു.

content highlight: priya varrier shares her experience in first movie