| Friday, 25th November 2022, 9:10 pm

അഡാര്‍ ലവ് അല്ല എനിക്ക് മൈലേജ് തന്നത്, ആ ഇമേജ് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് കാത്തിരുന്നത്: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമ കാരണമല്ല താന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് പ്രിയ വാര്യര്‍. സിനിമയിലെ രണ്ട് സീനുകള്‍ കൊണ്ട് മാത്രമാണ് അത്രയും വലിയ മൈലേജ് പെട്ടെന്ന് തനിക്ക് വന്നതെന്നും പ്രിയ പറഞ്ഞു.

അഡാര്‍ ലവ് കഴിഞ്ഞതിന് ശേഷം ശ്രദ്ധിച്ച് സിനിമ ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു താനെന്നും ആ സിനിമ നല്‍കിയ ഇമേജ് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നതെന്നും നടി പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്.

”അഡാര്‍ ലവ് എന്ന് സിനിമയല്ല എനിക്ക് മൈലേജ് തന്നത്. അതിലെ രണ്ട് സീന്‍സ് മാത്രമാണ് ഇത്രയും വലിയ മൈലേജ് ഉണ്ടാക്കിയത്. കണ്ണ് ഇറുക്കുന്ന സീനും പിന്നെ ഗണ്‍ സീനുമാണത്. ആ രണ്ട് സീനും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്തത്. രണ്ടും ഭയങ്കര വൈറലായത് കൊണ്ടാണ് വലിയ മൈലേജ് കിട്ടിയത്.

അഡാര്‍ കഴിഞ്ഞതിന് ശേഷം ഇനി സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് അത്രേം നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതായിരിക്കണം എന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നതും പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതുമായ സിനിമയായിരിക്കണം ഇനി ചെയ്യേണ്ടതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഫസ്റ്റ് സിനിമ കഴിഞ്ഞതിന് ശേഷമുള്ള ഇമേജ് ഫുള്‍ ബ്രേക്ക് ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു.

എന്റെ സ്വപ്‌നം നല്ല നടിയാവുക എന്നതാണ്. അഭിനയത്തിലൂടെ എന്നെ അറിയണമെന്നായിരുന്നു എന്റെ ആഗ്രഹം. അത്രയും നല്ല കഥാപാത്രം വന്നാലെ ഇനി അഭിനയിക്കുന്നുള്ളു എന്ന തീരുമാനത്തിലായിരുന്നു ഞാന്‍. അതുകൊണ്ടാണ് ഇത്രയും കാലം വെയ്റ്റ് ചെയ്തത്.

അഭിനയത്തിന്റെ കൂടെ മ്യൂസിക്കിലും എനിക്ക് താല്പര്യം ഉണ്ട്. ഞാന്‍ ചെയ്ത മ്യൂസിക് വീഡിയോസും ഷോട്ട് ഫിലിമും കണ്ണിറുക്കല്‍ സീനിന് ശേഷം ആളുകള്‍ കുത്തി പൊക്കിയിരുന്നു,” പ്രിയ വാര്യര്‍ പറഞ്ഞു.

അതേസമയം, നാല് വര്‍ഷത്തിന് ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് ഫോര്‍ ഇയേഴ്സ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 25നാണ് തിയേറ്ററുകളിലെത്തിയത്. പ്രിയക്കൊപ്പം സര്‍ജാനോ ഖാലിദും ചിത്രത്തില്‍ പ്രധാന കഥാപത്രമാണ്.

content highlight: priya varrier about oru adar love movie

We use cookies to give you the best possible experience. Learn more