സോഷ്യൽ മീഡിയ വഴി തുടരെയുള്ള ട്രോളുകൾ ആദ്യമൊക്കെ വിഷമം ഉണ്ടാക്കിയിരുന്നുവെന്നും പിന്നീടത് സെൽഫ് ഡൗട്ട് ആയി മാറാൻ ഇടയായെന്നും നടി പ്രിയ വാര്യർ.
തനിക്ക് സോഷ്യൽ മീഡിയ വഴിയുണ്ടായ ആക്ഷേപങ്ങളെപ്പറ്റി ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്. നടി മമ്ത മോഹൻദാസും അഭിമുഖത്തിൽ പങ്കെടുത്തു.
പതിനെട്ടുവയസ്സുള്ളപ്പോഴാണ് സിനിമയിലേക്ക് വന്നതെന്നും പെട്ടെന്നുള്ള ഹൈപ്പ് കിട്ടിയപ്പോൾ എന്തുചെയ്യണമെന്നറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.
‘പതിനെട്ടുവയസ്സിലാണ് ആദ്യത്തെ ചിത്രം ഇറങ്ങിയതും പെട്ടെന്നുള്ള ഹൈപ്പ് ഉണ്ടായതും. ആ സമയത് എന്തുചെയ്യണം എന്നൊരു ധാരണ ഉണ്ടായിരുന്നില്ല.
ഞാൻ എന്ത് ചെയ്താലും മറ്റുള്ളവർ അതിന് ഓരോ ധാരണകൾ കൊണ്ടുവരും.
മറ്റൊരാളുടെ കാഴചപ്പാടിൽ ഈ കുട്ടി ഇങ്ങനൊക്കെയായിരിക്കും എന്നുള്ള ആശയം ഉണ്ടാക്കിയെടുക്കുകയാണ്.
എന്നെ വ്യക്തിപരമായി അറിയാത്ത കുറേയാളുകളാണ് സോഷ്യൽ മീഡിയയുടെ മുന്നിൽ വന്നിരുന്ന് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ നിർമ്മിക്കുന്നത്.
എനിക്ക് തീർച്ചയായും വിഷമം ഉണ്ടായിരുന്നു, പിന്നീടത് സെൽഫ് ഡൗട്ട് ആയി മാറി. തുടർച്ചയായി ആളുകൾ നെഗറ്റീവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നെക്കൊണ്ട് മറ്റൊന്നിനും കഴിയില്ലായെന്നുമാണ് ആളുകൾ പറഞ്ഞിരുന്നത്.
എന്റെ സ്വപ്നം സിനിമയാണ് പക്ഷെ എന്നെക്കൊണ്ടിത് കൂട്ടിയാൽ കൂടുമോ എന്ന സംശയമായി. അന്ന് പതിനെട്ടുവയസ്സേ ഉണ്ടായിരുന്നുള്ളു.
ആ ഒരു യാത്രയിൽ ഞാൻ ഒരു നല്ല വ്യക്തിയായി മാറുകയായിരുന്നു. എന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നുപറയുന്നത് ഒരു മികച്ച ആർട്ടിസ്റ്റായി മാറുകയെന്നതാണ്. അതിനിടയിൽ ആളുകൾ എന്തും പറഞ്ഞോട്ടെ. അതെന്നെ ബാധിക്കില്ല.
ഞാൻ ഇത്രയും വർഷമായിട്ട് സ്വപ്നം കണ്ടുവന്നിട്ട്, അത് നേടുന്നതുവരെ ആളുകൾ എന്തുപറഞ്ഞാലും ഞാൻ മുന്നോട്ടുതന്നെ പോകും,’ പ്രിയ പറഞ്ഞു.
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ സിനിമ. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മെയ് 12 ന് തിയേറ്റർ എത്തും.
Content Highlight: Priya Praksh Varrier on social media bullying