അഡാര്‍ ലവിലൂടെ സിനിമയില്‍ അരങ്ങേറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ മാണിക്യമലര്‍ എന്ന ഗാനത്തിലെ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ‘കണ്ണടക്കല്‍ സീനി’ലൂടെ ലോകമെമ്പാട് നിന്നും പ്രിയക്ക് ആരാധകരുണ്ടാകുകയായിരുന്നു.
പാട്ടും തന്റെ സീനും വൈറലായ സമയത്തെ ഓര്‍ത്തെടുക്കുകയാണ് ഐആം വിത്ത് ധന്യ വര്‍മ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍. ആയിരം ഫോളോവേഴ്‌സ് മാത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനുണ്ടായിരുന്നതെന്നും എന്നാല്‍ ഒരു ദിവസം കൊണ്ട് അത് പത്ത് ലക്ഷം ഫോളോവേഴ്‌സില്‍ എത്തുകയായിരുന്നെന്നുമാണ് താരം പറയുന്നത്.
”അഡാര്‍ ലവിലെ പാട്ടും എന്റെ സീനും ഇത്രയും വൈറലായതില്‍ എന്താണ് ഫീല്‍ ചെയ്യേണ്ടതെന്ന് പോലും എനിക്കറിയില്ല. 2018 മുതല്‍ ഇത് ഇങ്ങനെയാണ്.
എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ പ്രൈവറ്റ് അക്കൗണ്ടായിരുന്നു ഉണ്ടായിരുന്നത്. സിനിമയില്‍ ഒന്നും അന്ന് വന്നിരുന്നില്ല. ആയിരം ഫോളോവേഴ്‌സോ മറ്റോ ഉണ്ടായിരുന്നു.
ഈ പാട്ട് റിലീസ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആളുകള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു, ‘അക്കൗണ്ട് ഒന്ന് പബ്ലിക്ക് ആക്കിക്കോ. കാരണം നീ ഇനി ഒരു പബ്ലിക് ഫിഗറായി മാറും,’ എന്ന്. ഓക്കെ എന്ന് ഞാനും പറഞ്ഞു.
അങ്ങനെയൊരു പ്രതീക്ഷ ആ പാട്ടിലുണ്ടായിരുന്നു. പക്ഷെ ഞാന്‍ ആ പാട്ടില്‍ കഷ്ടിച്ച് 10 സെക്കന്റേ ഉള്ളൂ.
ആ കണ്ണടക്കുന്ന സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം എല്ലാവരും എന്റെയടുത്ത് വന്ന്, ‘പ്രിയാ ആ സീന്‍ അടിപൊളിയായിട്ടുണ്ട്, കിടിലന്‍ എക്‌സ്പ്രഷനായിരുന്നു, ഇത് ഹിറ്റാകും,’ എന്ന് പറഞ്ഞു. പക്ഷെ അതില്‍ ഞാനെന്താണ് ചെയ്തതെന്ന് പോലും എനിക്ക് ഓര്‍മയില്ലായിരുന്നു.
ഞാന്‍ ആദ്യമായി ക്യാമറ ഫേസ് ചെയ്യുകയായിരുന്നു അന്ന്.
അങ്ങനെ ഞാന്‍ അക്കൗണ്ട് പബ്ലിക്കാക്കി. സോങ് റിലീസ് ചെയ്ത ദിവസം ഞാന്‍ കോളേജില്‍ നിന്ന് തിരിച്ച് വന്ന് അമ്മക്കൊപ്പം പുറത്തുപോയിരുന്നു. ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു.
വൈകീട്ട് ഏഴ് മണിയായപ്പോള്‍ എനിക്ക് പാട്ടിന്റെ ലിങ്ക് കിട്ടി. ഞാന്‍ അത് ഓപ്പണ്‍ ചെയ്ത് നോക്കിയത് പോലുമില്ല. എനിക്കന്ന് സ്വന്തമായി ഫോണ്‍ പോലുമില്ല. അമ്മയുടെ വാട്‌സ്ആപ്പ് കോണ്‍ടാക്ടിലുള്ള എല്ലാവര്‍ക്കും അത് ഫോര്‍വേഡ് ചെയ്ത് കൊടുത്തു.
അത് കഴിഞ്ഞ് പാട്ട് കണ്ടു. പത്ത് സെക്കന്റേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഞാന്‍ സ്‌ക്രീനില്‍ വന്നല്ലോ എന്നതായിരുന്നു എന്റെ ഫീലിങ്.
അമ്മയുടെ ഫോണിലെ എല്ലാ കോണ്‍ടാക്ട്‌സിന്റെയും വാട്‌സാപ്പ് സ്റ്റാറ്റസില്‍ എന്റെ മുഖം. പിന്നെ എല്ലാവരുടെ ഫോണിലും ഇതാണ് അവസ്ഥ എന്ന് പറഞ്ഞുകൊണ്ട് എനിക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ വരാന്‍ തുടങ്ങി.
പിന്നെ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോയി നോക്കിയപ്പോള്‍ 14,000 ഫോളോവേഴ്‌സ്, അടുത്ത ദിവസം ഞാന്‍ സാധാരണ പോലെ കോളേജില്‍ പോയി, തിരിച്ചുവന്ന് ഞാന്‍ ഫോണ്‍ നോക്കി എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിഫ്രഷ് ചെയ്തു. വണ്‍ മില്യണ്‍ ഫോളോവേഴ്‌സ്,” പ്രിയ വാര്യര്‍ പറഞ്ഞു.
Content Highlight: Priya Prakash Varrier remembers the time when she went viral