ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സോഷ്യല്‍ മീഡിയ സ്റ്റാറായി മാറുകയും ലോകമെമ്പാടും ഫോളോവേഴ്‌സിനെ നേടുകയും ചെയ്ത താരമാണ് പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ അഡാര്‍ ലവിന് ശേഷം പ്രതീക്ഷിച്ചപോലെ ഹൈപ്പോ സിനിമാ അവസരങ്ങളോ ഉണ്ടായില്ലെന്ന് പറയുകയാണ് നടി.
തന്നെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പല തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും സിനിമയില്‍ തിരക്കായെന്ന തോന്നലുണ്ടായത് തന്നെ 2022 പകുതിക്ക് ശേഷമാണെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍ പറയുന്നു.
”അഡാര്‍ ലവിന് ശേഷം പ്രതീക്ഷിച്ചത് പോലെ ഹൈപ് ഉണ്ടായില്ല എന്നതാണ് സത്യം. കാരണം എനിക്കുമറിയില്ല.
എന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു. ചിലര്‍ പറഞ്ഞുകേട്ടത് ഞാന്‍ വലിയ പ്രതിഫലം ചോദിക്കുന്നു, ബജറ്റില്‍ നില്‍ക്കില്ല എന്നാണ്. എന്നോട് ചോദിച്ചാലല്ലേ പ്രതിഫലം അറിയാനാകൂ.
പലരും എന്നെ നായികയാക്കാന്‍ ശ്രമിച്ചു. പക്ഷെ എങ്ങനെ കോണ്‍ടാക്ട് ചെയ്യണമെന്നറിയില്ലായിരുന്നു എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്.
ഞാന്‍ മുംബൈയിലാണെന്നാണ് പലരുടെയും ധാരണ. ചിലര്‍ സെല്‍ഫി എടുക്കാന്‍ വരുന്നത് കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിച്ചാണ്. ‘പൊന്നുചേട്ടാ, ഞാന്‍ മലയാളിയാണ്’ എന്ന് പറയുമ്പോള്‍ അവര്‍ അന്തംവിടും,” പ്രിയ പ്രകാശ് പറഞ്ഞു.
സിനിമയില്‍ തിരക്കായെന്ന തോന്നലുണ്ടായത് 2022 പകുതിക്ക് ശേഷമാണെന്ന് പറഞ്ഞ പ്രിയ വാര്യര്‍ തന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകളും അഭിമുഖത്തില്‍ പങ്കുവെച്ചു.
”2022 പകുതിക്ക് ശേഷമാണ് സിനിമയില്‍ തിരക്കായി എന്ന തോന്നല്‍ പോലും ഉണ്ടായത്. ഞാനും രജിഷ വിജയനും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ വരുന്ന കൊള്ള എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ഹിന്ദിയിലെ ആദ്യ സിനിമ ശ്രീദേവ് ബംഗ്ലാവും റിലീസ് കാത്തിരിക്കുകയാണ്.
ഇഷ്‌കിന്റെ തെലുങ്ക് റീമേക്കിലെ പ്രധാന വേഷവും ചെയ്തു. വി.കെ.പി സംവിധാനം ചെയ്യുന്ന ‘ലൈവി’ലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. യാര്യ ടു എന്ന ഹിന്ദി സിനിമയാണ് ഇനി. തമിഴില്‍ നിന്നുള്ള ഓഫറാണ് കൊതിയോടെ കാത്തിരിക്കുന്നത്,” നടി വ്യക്തമാക്കി.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഫോര്‍ ഇയേഴ്‌സാണ് പ്രിയ വാര്യരുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സര്‍ജാനോ ഖാലിദായിരുന്നു സിനിമയില്‍ നായകനായെത്തിയത്.
Content Highlight: Priya Prakash Varrier about her upcoming movies and her image in the industry