തനിക്ക് നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി പ്രിയ മണി. നിറമുള്ള നടിമാരെയാണ് ആവശ്യമെന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ സിനിമയിൽ അത്തരത്തിലുള്ള വിവേചനങ്ങൾ ഒന്നുമില്ലെന്നും പ്രിയ മണി പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ.
‘നിറത്തിന്റെ പേരിൽ വിവേചനമൊക്കെ നേരിട്ടിട്ടുണ്ട്. നിറമുള്ള നടിമാരെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള വിവേചനങ്ങൾ ഒരു സമയം വരെ സിനിമകളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. മേക്കപ്പിടാത്ത സാധാരണ സ്‌കിന്നുള്ള ആളുകളെയാണ് ഇപ്പോൾ സിനിമയിൽ ആവശ്യം. അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.
എല്ലാവരും ഒരുപോലെയാണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ ഒരു കാലത്ത് നിറമുള്ള പെൺകുട്ടികളെ മാത്രം സിനിമയിൽ ആവശ്യമുണ്ടായിരുന്നു. ബോംബെ ഹീറോയിൻസിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് എപ്പോഴും പറയുമായിരുന്നു.
എനിക്ക് ചോദിക്കാനുള്ളത് ബോബെയിൽ നിന്ന് വരുന്നവർക്ക് ഭാഷ അറിയുമോ എന്നാണ്? എന്താണ് പറയുന്നതെന്ന് അവർക്ക് അറിയില്ല. പിന്നെ എന്തിനാണ് പുറത്തുനിന്ന് നടിമാർ. നമ്മുടെ നാട്ടിൽ അഭിനയിക്കാനറിയുന്ന, നമ്മുടെ ഭാഷ പറയുന്ന, സുന്ദരിമാരായ പെൺകുട്ടികൾ ഉണ്ട്. അവർക്ക് നിറം അൽപം കുറവായിരിക്കും. അതിനെന്താ കുഴപ്പം? നമ്മുടെ പെൺകുട്ടികൾക്ക് അഭിനയിക്കാനറിയില്ലേ? അവർക്ക് ഡാൻസ് ചെയ്യാനും അറിയാം. പിന്നെ എന്താണ് നമ്മുടെ പെൺകുട്ടികൾക്ക് കുറവ്? ആ ചോദ്യത്തിന് ആർക്കും മറുപടിയില്ല. ഇപ്പോൾ ആ തടസ്സം ഇല്ല. അതിൽ എനിക്ക് നല്ല സന്തോഷം ഉണ്ട്. സൗത്ത് ഇൻഡസ്ട്രിയിലെ പെൺകുട്ടികൾ അവരുടെ കഴിവുകൾ ലോകോത്തര നിലവാരത്തിൽ തെളിയിക്കുകായാണ്,’ പ്രിയ മണി പറഞ്ഞു.
അഭിമുഖത്തിൽ പരുത്തി വീരൻ എന്ന ചിത്രം ഷൂട്ട് ചെയ്തപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ഭക്ഷണം പോലും കഴിക്കാൻ വൈകിയിരുന്നെന്നും പ്രിയ മണി പറഞ്ഞു.
‘പരുത്തി വീരൻ ഷൂട്ട് ചെയ്തപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നട്ടുച്ച വെയിലത്താണ് മധുരയിൽ വെച്ച് ഞങ്ങൾ ചിത്രം ഷൂട്ട് ചെയ്തത്. അപ്പോൾ ഉച്ച ഭക്ഷണം പോലും ഞങ്ങൾ കഴിച്ചിട്ടുണ്ടായിരുന്നില്ല. വൈകിട്ട് 4.30 ആയപ്പോഴാണ് ഞാനും കാർത്തിയും ഭക്ഷണം കഴിച്ചത്. ഞാൻ ചെളിയിൽ വീഴുന്ന രംഗം ഉണ്ട്. അത് നേരത്തെ റെഡിയാക്കി വെച്ച ചെളിയാണ്. അതിൽ പല പ്രാണികളും ചെറിയ ജീവികളും ഒക്കെ ഉണ്ടായിരുന്നു. കാർത്തി തല്ലുമ്പോൾ ഞാൻ അതിലേക്കാണ് ചെന്ന് വീഴുന്നത്,’ പ്രിയ മണി പറഞ്ഞു.
Content Highlights: Priya Mani on color discrimination in film industry