ഒരു നടന്റെ നാലഞ്ച് സിനിമ നിരത്തി പരാജയമായാല്‍ അയാളെ ബാഡ് ലക്ക് എന്ന് വിളിക്കുമോ? എന്തുകൊണ്ട് സ്ത്രീകളെ മാത്രം അങ്ങനെ വിളിക്കുന്നു: പ്രിയ ഭവാനി ശങ്കര്‍
Entertainment
ഒരു നടന്റെ നാലഞ്ച് സിനിമ നിരത്തി പരാജയമായാല്‍ അയാളെ ബാഡ് ലക്ക് എന്ന് വിളിക്കുമോ? എന്തുകൊണ്ട് സ്ത്രീകളെ മാത്രം അങ്ങനെ വിളിക്കുന്നു: പ്രിയ ഭവാനി ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th August 2024, 4:11 pm

ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. 2017ല്‍ പുറത്തിറങ്ങിയ മീയാത മാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ പ്രിയക്ക് സാധിച്ചു. എന്നാല്‍ ചില സിനിമകള്‍ പ്രതീക്ഷിച്ച വിജയമായില്ല. ഇതിന് പിന്നാലെ തമിഴിലെ ചില ട്രോള്‍ പേജുകള്‍ പ്രിയയെ ട്രോളിക്കൊണ്ട് രംഗത്തുവന്നു.

‘നിര്‍ഭാഗ്യ നായിക’ എന്നാണ് പല ട്രോള്‍ പേജുകളും പ്രിയയെ അഭിസംബോധന ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ പ്രിയ ഭാഗമായ ഇന്ത്യന്‍ 2 പരാജയപ്പെട്ടതിന് കാരണവും പ്രിയയാണെന്ന് പല ട്രോള്‍ പേജുകളും ആരോപിച്ചു. ഇത്തരം ട്രോളുകളോട് പ്രതികരിക്കുകയാണ് താരം. ഭാഗ്യമില്ലാത്ത നായികയാണെന്ന് വിളിക്കുന്നത് ശപിക്കുന്നതിന് തുല്യമാണെന്ന് പറയുകയാണ് പ്രിയ. അത്തരം പരാമര്‍ശങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും പ്രിയ പറഞ്ഞു.

എന്നാല്‍ ഏതെങ്കിലും നടന്റെ നാലഞ്ച് സിനിമകള്‍ പരാജയമായാല്‍ അയാളെ ഭാഗ്യമില്ലാത്ത നടന്‍ എന്ന് ആരും വിളിക്കാറില്ലെന്നും സ്ത്രീകളെ മാത്രമേ അങ്ങനെ വിളിക്കാറുള്ളൂവെന്നും പ്രിയ പറഞ്ഞു. തികച്ചും സ്ത്രീവിരുദ്ധമായ കാര്യമാണ് ഇതെന്നും അത്തരം വിളികള്‍ കേള്‍ക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കാറില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ചെയ്ത നാലഞ്ച് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്ന് അറിയാം. എന്നെ പലരും ‘അണ്‍ലക്കി ഹീറോയിന്‍’ എന്നാണ് വിളിക്കാറുള്ളത്. അത്തരം വിളികള്‍ വേദനിപ്പിക്കാറില്ല എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. നീ കാരണമാണ് ഇത് ശരിയാവാത്തത് എന്നൊക്കെ കേള്‍ക്കേണ്ടി വരുന്നത് തികച്ചും സങ്കടമുള്ള കാര്യമാണ്.

പക്ഷേ ഏതെങ്കിലും നടന്റെ നാലഞ്ച് സിനിമകള്‍ നിരത്തി പരാജയമായാല്‍ അയാളെ ആരും ‘അണ്‍ലക്കി’ എന്ന് വിളിക്കില്ല. ഇത്തരം വിളികള്‍ എപ്പോഴും കേള്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ മാത്രമാണ്. ഒരു സിനിമ പരാജയപ്പെടാന്‍ കാരണം അതിലെ നടിയാണെന്ന് പറയുന്നത് എത്ര സ്ത്രീവിരുദ്ധമാണ്. പലപ്പോഴും ഇത്തരം വിളികള്‍ കേള്‍ക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥയെപ്പറ്റി ആരും ചിന്തിക്കാറില്ല. അവരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ട്രോളിനുള്ള ടോപിക് മാത്രമാണ്,’ പ്രിയ ഭവാനി ശങ്കര്‍ പറഞ്ഞു.

Content Highlight: Priya Bhavani Shankar about the trolls and bullying she facing