ട്രോളുകള്‍ കാര്യമാക്കില്ല, ഇനി ഒരിക്കല്‍ കൂടി ഇന്ത്യന്‍ 2വില്‍ ചാന്‍സ് ലഭിച്ചാല്‍ ഞാനത് സ്വീകരിക്കുക തന്നെ ചെയ്യും: പ്രിയ ഭവാനി ശങ്കര്‍
Entertainment
ട്രോളുകള്‍ കാര്യമാക്കില്ല, ഇനി ഒരിക്കല്‍ കൂടി ഇന്ത്യന്‍ 2വില്‍ ചാന്‍സ് ലഭിച്ചാല്‍ ഞാനത് സ്വീകരിക്കുക തന്നെ ചെയ്യും: പ്രിയ ഭവാനി ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th August 2024, 10:19 pm

ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയില്‍ തന്റേതായ ഇടം നേടിയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. 2017ല്‍ പുറത്തിറങ്ങിയ മീയാത മാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ പ്രിയക്ക് സാധിച്ചു. എന്നാല്‍ ചില സിനിമകള്‍ പ്രതീക്ഷിച്ച വിജയമായില്ല.

ഏറ്റവുമൊടുവില്‍ പ്രിയ അഭിനയിച്ച ഇന്ത്യന്‍ 2 ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. ഇതോടെ പ്രിയക്ക് നേരെ വലിയ രീതിയില്‍ വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ്ങ് നടന്നു. അഭിനയിച്ച സിനിമകളെല്ലാം പരാജയപ്പെടുന്ന നിര്‍ഭാഗ്യ നായിക എന്നാണ് പലരും പ്രിയയെ വിമര്‍ശിച്ചത്. അത്തരം പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് താരം. ഇന്ത്യന്‍ 2 എന്ന സിനിമക്ക് കിട്ടിയ ബോക്‌സ് ഓഫീസ് പരാജയം എന്നെയും ബാധിച്ചുവെന്നും സിനിമ പരാജയപ്പെടാന്‍ താനാണ് പ്രധാനകാരണമെന്ന് പലരും അഭിപ്രായപ്പെട്ടുവെന്നും പ്രിയ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ 2വില്‍ വീണ്ടും വിളിച്ചാല്‍ താന്‍ ആ ഓഫര്‍ സ്വീകരിക്കുമെന്നും കമല്‍ ഹാസന്‍- ഷങ്കര്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയുടെ ഭാഗമാവുക എന്നത് പലരെയും പോലെ തന്റെയും സ്വപ്‌നമാണെന്ന് പ്രിയ പറഞ്ഞു. ട്രോളുകള്‍ താന്‍ കാര്യമാക്കാറില്ലെന്നും ബുള്ളിയിങ് തന്നെ ബാധിക്കാറുണ്ടെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ 2 മാത്രമല്ല, ഞാന്‍ അവസാനം അഭിനയിച്ച നാല് സിനിമകളും കൊമേഴ്ഷ്യലി ശ്രദ്ധ നേടിയിട്ടില്ല. ആ സിനിമകളെല്ലാം പരാജയമായതിന് ഞാന്‍ മാത്രമാണ് കാരണമെന്നാണ് പലരും പറയുന്നത്. ഇന്ത്യന്‍ 2 പോലും പരാജയപ്പെട്ടത് ഞാന്‍ കാരണമെന്ന് പറയുന്നവര്‍ ഒരുപാടുണ്ട്. എങ്ങാനും ടൈം ട്രാവല്‍ ചെയ്ത് കഴിഞ്ഞ കാലത്തിലേക്ക് പോകാന്‍ പറ്റിയാല്‍ ഇന്ത്യന്‍ 2വിലേക്കുള്ള ഓഫര്‍ ഞാന്‍ സ്വീകരിക്കും.

ഷങ്കര്‍, കമല്‍ ഹാസന്‍ ഈ രണ്ട് ലെജന്‍ഡുകള്‍ ഒന്നിക്കുന്ന സിനിമയിലേക്ക് എങ്ങനെ നോ പറയാന്‍ പറ്റും? ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും ഡ്രീം കോമ്പോയാണല്ലോ അത്. സിനിമയുടെ റിസല്‍ട്ടിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. മെയില്‍ ഡോമിനേറ്റിങ്ങായിട്ടുള്ള ഇന്‍ഡസ്ട്രിയില്‍ കിട്ടുന്ന ഇത്തരം ചാന്‍സുകള്‍ നമ്മള്‍ മുതലാക്കണം.

എന്നെപ്പറ്റിയുള്ള ട്രോളുകള്‍ പലതും കാണാറുണ്ട്. ചിലത് എന്‍ജോയ് ചെയ്യുന്നുണ്ട്. പക്ഷേ സൈബര്‍ ബുള്ളിയിങ് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഒരു സിനിമ മോശമാകുന്നതിന് അതിലെ ഒരു നടിയെ മാത്രം കുറ്റപ്പെടുത്തുന്നതിലെ ലോജിക് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല,’ പ്രിയ ഭവാനി ഷങ്കര്‍ പറഞ്ഞു.

Content Highlight: Priya Bhavani Shankar about the troll against her after Indian 2