41 ഇന്നിങ്‌സ് കളിച്ചിട്ടും, നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഇറങ്ങിക്കളിച്ചിട്ടും, ഒമ്പത് കളിയോളം നോട്ട് ഔട്ട് ആയി നിന്നിട്ടും ആവറേജ് 23ന് മുകളില്‍ പോലും പോകാത്ത ഒരാള്‍ക്കു തുടര്‍ച്ചയായി അവസരം കിട്ടുന്നുണ്ടെങ്കില്‍ അതിന്റ പേരാണ് പ്രിവിലേജ്.
അങ്ങനെ ഉള്ളൊരാള്‍ക്കു പ്രഹരശേഷി 140ന് ഒക്കെ മുകളില്‍ ആണേല്‍ അത് ടീമിന് നല്‍കുന്ന ഇംപാക്ട് കുറച്ചു കൂടി ബെറ്റര്‍ ആയിരിക്കും എന്നെങ്കിലും കരുതാം. എന്നാല്‍ ആ സ്‌ട്രൈക്ക് റേറ്റ് 120ന് അടുത്ത് മാത്രം ആണെങ്കിലോ? എന്നിട്ടും അവസരം ലഭിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലോ? അതാണ് പന്തിനുള്ള പ്രിവിലേജ്.
മിഡിലില്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ ഒരു സൗത്ത്പാവ് ഇല്ലാത്തതുകൊണ്ടും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.സി.സി.ഐക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടും ടെസ്റ്റില്‍ നല്ല ഇന്നിങ്‌സുകള്‍ കളിച്ചത് കൊണ്ടും മാത്രം നിലനിന്നു പോകുന്ന കരിയറാണ് പന്തിന്റെ ടി-20 കരിയര്‍.
സ്വാഭാവികമായും ടെസ്റ്റില്‍ ഇംപാക്ട് ഉണ്ടാക്കിയില്ലേ എന്നൊരു ചോദ്യം വരും. അതിനുള്ള മറുപടി ആയാണ് ഈ ഫോട്ടോ പങ്കുവെക്കുന്നത്.
ഓഫ് സ്റ്റമ്പില്‍ വൈഡ് അയി വീഴുന്ന പന്തുകള്‍ ടെസ്റ്റില്‍ ഒരിക്കല്‍ പോലും ബാറ്റര്‍മാര്‍ക്ക് പ്രശ്‌നം ഉണ്ടാക്കാറില്ല, എകദിനത്തിന്റെ കേസ് എടുത്താലും സേഫ് ആയി കളിക്കാന്‍ ശ്രമിക്കാം. പക്ഷെ ഓരോ ഡോട്ട് ബോളിനും മത്സരത്തിന്റെ വിധി നിര്‍ണായിക്കാന്‍ കഴിയുന്ന കുട്ടി ക്രിക്കറ്റില്‍ ഇത്തരം ബോള്‍ നിങ്ങള്‍ക്ക് കളിച്ചേ പറ്റു.
എതിര്‍ ടീം ഒരു സീരിസില്‍ മുഴുവന്‍ ആ ഓഫ് സൈഡ് ട്രാപ് ഒരുക്കി പന്തിനെ വീഴ്ത്തുമ്പോള്‍ അയാളെ ആരെങ്കിലും കുറ്റം പറയുന്നത് നിങ്ങള്‍ കാണുന്നുണ്ടോ?
പോട്ടെ ഒരു സീരീസ് അല്ലേ എന്ന് കരുതാം. എന്നാല്‍ 2022ല്‍ കളിച്ച 13 കളിയിലും അയാള്‍ ഓഫ് സൈഡ് ട്രാപ്പില്‍ ആണ് വീണു ഔട്ട് ആയത് എന്നറിഞ്ഞിട്ടും ആരും അതിനെ വിമര്‍ശിക്കുന്നില്ല എങ്കില്‍ അതിനെ ആണ് പ്രിവിലേജ് എന്ന് പറയേണ്ടത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ പന്തിന് മാത്രം കിട്ടുന്ന, സഞ്ജുവിനോ ഒരു അവസരം കാത്തിരിക്കുന്ന ഹൂഡയ്‌ക്കോ ത്രിപാഠിക്കോ ഒരിക്കലും കിട്ടാന്‍ സാധ്യത ഇല്ലാത്ത പ്രിവിലേജ്. 41 ഇന്നിങ്‌സ് കളിച്ചിട്ടും ഒരേ ലൈനില്‍ അവസാനം കളിച്ച 13 മത്സരത്തില്‍ ഔട്ടായിട്ടും ആരും ഒന്നും പറയുന്നില്ലെങ്കില്‍ അത് വല്ലാത്തൊരു ഭാഗ്യമാണ്.
41 കളി കളിച്ചിട്ട് കേവലം മൂന്ന് 50+ സ്‌കോര്‍ മാത്രം സ്‌കോര്‍ ചെയ്ത (അത് നേടിയതാകട്ടെ ബൗളിങില്‍ വീക്കായ വെസ്റ്റ് ഇന്‍ഡീസിനോടും) ശരാശരി അഞ്ചോ ആറോ കളികള്‍ക്ക് ശേഷം ഒരു 30+ അടിക്കുന്ന പന്തിന് കിട്ടുന്ന പ്രിവിലേജ് വല്ലാത്തൊരു പ്രിവിലേജ് തന്നെയാണ്. ആ പ്രിവിലേജ് ഈ ടീമില്‍ ഇയാള്‍ക്കല്ലാതെ വേറെ ആര്‍ക്കും കിട്ടുകയുമില്ല.
പന്ത് ഈ ഫോര്‍മാറ്റില്‍ ഒരു ലെജന്‍ഡായി കരിയര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ (അങ്ങനെ സംഭവിക്കട്ടെ) അയാള്‍ നന്ദി പറയേണ്ടത് തന്റെ കഴിവിനേക്കാള്‍ കൂടുതല്‍ 40 കളിയോളം തുടര്‍ച്ചയായി അവസരം തരുന്ന സെലക്ടര്‍മാരോടും തന്റെ കാലത്ത് ടി-20 കളിക്കാന്‍ ക്വാളിറ്റി മിഡില്‍ ഓര്‍ഡര്‍ ബാറ്ററായി ഒരു ലെഫ്റ്റ് ഹാന്‍ഡര്‍ ഇല്ലാത്തതിനോടുമാണ്.
അജ്മല്‍ നിഷാദ്
Content Highlight: Privilege of Rishabh Pant in Indian Cricket Team