| Sunday, 11th March 2012, 8:43 am

സി.പി.ഐ സംഘടനയുടെ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് സ്വകാര്യ കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തെ ഇവന്റ് മാനേജ്‌മെന്റ് പ്രോഗ്രാം എന്ന് വിളിച്ച് പരിഹസിച്ച സി.പി.ഐയുടെ സര്‍വ്വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം സ്‌പോണ്‍സര്‍ ചെയ്യുന്നത് സ്വകാര്യ ബ്യൂട്ടികെയര്‍ കമ്പനി.

ഇന്ദുലേഖ എന്ന ബ്രാന്‍ഡ് നെയിമില്‍ ഹെയര്‍ഓയിലും ഷാമ്പുവും നിര്‍മിക്കുന്ന മോസന്‍സ് എന്ന കമ്പനിയാണ് സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍മാര്‍.
സമ്മേളന വേദിയായ കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിനുമുന്നില്‍ ഇന്ദുലേഖയുടെ പരസ്യങ്ങളടങ്ങിയ നാലു വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ വാടകയിനത്തില്‍ 45,000 രൂപയാണ് കമ്പനി കെ.ജി.ഒ.എഫ് ഭാരവാഹികള്‍ക്കു നല്‍കുക. ഇതിന്റെ പ്രത്യുപകാരമായാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

വര്‍ഗ ബഹുജന സംഘടനകളുടെ പരിപാടികള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമൊക്കെ വന്‍തുകകള്‍ സംഭാവന സ്വീകരിക്കാറുണ്ടെങ്കിലും സമ്മേളന വേദിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് വേദി വില്‍പ്പന നടക്കുന്നത് ഇത് ആദ്യമാണ്.

നേരത്തേ തിരുവനന്തപുരത്ത് നടന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളന പ്രദര്‍ശനത്തില്‍ യേശുദേവനുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാചര്യത്തിലാണ് സമ്മേളനം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്ന വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. ഇതിനെ ശക്തമായ ഭാഷയിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടത്.

ഐ.ടു.ഐ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് സി.പി.എം സമ്മേളനം നടത്തിയതെന്നും തന്റെ കൈയില്‍ തെളിവുണ്ടെന്നും ആരോപണമുന്നയിച്ചത് സി.പി.ഐ നേതാവ് ബിനോയ് വിശ്വമാണ്. ഇന്ന് നടക്കുന്ന സുഹൃദ് സമ്മേളനത്തിന്റെ ഉദ്ഘാടകനാണ് ബിനോയ് വിശ്വം.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more