| Saturday, 31st March 2018, 8:11 pm

'എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം മറ്റൊരു അഴിമതി'; കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അഴിമതിയ്ക്ക് വഴിയൊരുക്കുമെന്ന് എം.പിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

” എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം മറ്റൊരു അഴിമതിയ്ക്ക് വഴിയൊരുക്കും. എയര്‍ ഇന്ത്യാ ഓഹരിവില്‍പന സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അഴിമതി നടന്നതായി ബോധ്യപ്പെട്ടാല്‍ ആവശ്യമെങ്കില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യും.”


Also Read:  മോദി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് ബീഫ് കയറ്റുമതി ഉയരുന്നു; രാമലിംഗ റെഡ്ഡി

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും കൈയൊഴിയാന്‍ തീരുമാനിച്ചത്. വിഷയത്തില്‍ നേരത്തെ സമാന പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വില്‍ക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നായിരുന്നു മമതയുടെ പ്രതികരണം.

നേരത്തെ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനത്തില്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാനൊരുങ്ങുന്നതായി വ്യക്തമാക്കിയിരുന്നു.


Also Read:  ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി


48,887 കോടിരൂപ കടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരിവില്‍ക്കുന്നതിന് കഴിഞ്ഞവര്‍ഷം ജൂണില്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. 5000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്കുമാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂവെന്നും മാനദണ്ഡങ്ങളില്‍ പറയുന്നു. കമ്പനികളുടെ മാനേജ്മെന്റിനോ ജീവനക്കാര്‍ക്കോ, അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ ലേലത്തില്‍ പങ്കെടുക്കാമെന്ന് അതില്‍ പറയുന്നു.

എയര്‍ ഇന്ത്യയെക്കൂടാതെ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഹരികളും വില്‍ക്കുമെന്ന് ശുപാര്‍ശയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസിന്റെ 50 ശതമാനവുമാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

Watch This Video:

We use cookies to give you the best possible experience. Learn more