|

വൈദ്യുതി വിതരണ രംഗവും സ്വകാര്യ കുത്തകകള്‍ക്ക് കൊടുക്കുമ്പോള്‍ | ജയപ്രകാശ് കെ.

ജയപ്രകാശ് .കെ

 പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അപ്രാപ്യമാവും. വൈദ്യുതി വില ഉയരുന്നതോടെ കൃഷിയും വ്യവസായവും മുരടിക്കും. അതുകൊണ്ടാണ് കഴിഞ്ഞ ഏഴ് മാസക്കാലമായി തുടരുന്ന ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒരു മുദ്രാവാക്യമായി ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ പിന്‍വലിക്കുക എന്നത് ഉള്‍പ്പെടുത്തിയത്.

കേന്ദ്ര ഗവണ്‍മെന്റ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇലക്ട്രിസിറ്റി (ഭേദഗതി) നിയമം-2021 പാസ്സാക്കുമെന്ന് പ്രഖ്യാപിക്കുകയും സമ്മേളനം പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നാല് പ്രധാന ലക്ഷ്യങ്ങളാണ് ബില്ലിലുള്ളത്.

( i ) ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുക എന്ന 2020-2021 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.

( ii ) 2018 ഏപ്രില്‍ 12-ലെ സുപ്രീംകോടതി വിധി അനുസരിച്ച് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളില്‍ നിയമ പരിജ്ഞാനമുള്ള അംഗത്തെ നിയമിക്കുന്നത് നിര്‍ബന്ധമാക്കുക.

(iii ) ദീര്‍ഘകാലമായി തീരുമാനിക്കപ്പെടാത്ത കേസുകളിലും അപ്പീലുകളിലും യഥാസമയം തീരുമാനമെടുക്കുന്നതിനും APTEL ശക്തിപ്പെടുത്തുക.

(i) അന്താരാഷ്ട്ര ബാധ്യതയ നിറവേറ്റുന്നതിന്റെ ഭാഗമായി പുനരുപയോഗ ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി പുനരുപയോഗ ഊര്‍ജ്ജം വാങ്ങുന്നതിനുള്ള ബാധ്യത (RPO)വ്യവസ്ഥ ചെയ്യുക.

മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ് ഒന്നാമത്തേത്. ഒരേസ്ഥലത്ത് തന്നെ ഒന്നില്‍ കൂടുതല്‍ വൈദ്യുതി വിതരണ കമ്പനികളെ അനുവദിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കമ്പനിയില്‍ നിന്ന് കറന്റ് വാങ്ങുവാനുള്ള അവസരം നല്‍കുന്നത് എന്തോ മഹത്തായ കാര്യമായാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രിയും, ധനകാര്യ മന്ത്രിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തെ വൈദ്യുതിവിതരണം ഡീലൈസന്‍സ് ചെയ്യുവാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഇതോടെ രാജ്യത്തെവിടെയും വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട. സംസ്ഥാന റെഗുലേറ്ററി കമ്മീഷനുകളില്‍ അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യുന്ന ഏത് കമ്പനിക്കും എവിടെയും വൈദ്യുതി വിതരണം നടത്താം. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്തണമെങ്കില്‍ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും.

രജിസ്ട്രേഷന് വേണ്ടി അപേക്ഷ നല്‍കിയാല്‍ രണ്ട് മാസത്തിനകം അനുമതി നല്‍കണം. രണ്ടുമാസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കൃത്യമായ കാരണമുണ്ടെങ്കില്‍ രണ്ടാഴ്ച കൂടി സമയമെടുക്കാം. എന്നിട്ടും അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി വൈദ്യുതിവിതരണം ആരംഭിക്കാം. ഇങ്ങനെ പുതുതായി വൈദ്യുതി വിതരണത്തിന് വരുന്ന കമ്പനികള്‍ പുതിയ ലൈനുകള്‍ ഒന്നും സ്ഥാപിക്കേണ്ടതില്ല.

നിലവില്‍ പൊതുമേഖലാ വിതരണ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും അവര്‍ തന്നെ പരിപാലിച്ചു വരുന്നതുമായ വിതരണ ലൈനുകളിലൂടെ തന്നെയാവും പുതുതായി വരുന്ന കമ്പനികളും വൈദ്യുതി വിതരണം നടത്തുക. അവര്‍ പുതുതായി ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നില്ല. തടസ്സരഹിതമായി വൈദ്യുതി വിതരണം ചെയ്യുവാന്‍ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നില്ല, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നില്ല. മാത്രമല്ല നിലവിലുള്ള ലൈനുകള്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിപാലിക്കുന്നില്ല.

അതായത് എത്ര തന്നെ പേരുകേട്ട വമ്പന്‍ കമ്പനികള്‍ വന്നാലും അവരൊക്കെ നിലവിലുള്ള ലൈനുകളിലൂടെ വൈദ്യുതി കടത്തിവിട്ട് കച്ചവടം നടത്തുകയാണ് ചെയ്യുക. മാത്രമല്ല നിലവിലുള്ള കമ്പനികളുടെ കൈവശമുള്ള വൈദ്യുതി പുതുതായി വരുന്ന കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് പങ്കു വെക്കേണ്ടിയും വരും. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ എന്ത് മെച്ചപ്പെട്ട സേവനമാണ് ലഭിക്കുക?, എന്ത് ഗുണമേന്മയുള്ള വൈദ്യുതിയാണ് അവര്‍ക്ക് ലഭിക്കുക?, തടസ്സ രഹിതമായ, ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുനല്‍കുവാന്‍ പുതിയ കമ്പനികള്‍ക്ക് കഴിയുമോ?, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുവാന്‍ പുതിയ കമ്പനികള്‍ക്ക് കഴിയുമോ?, ഈ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഊര്‍ജ്ജ മന്ത്രിക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്?

അതായത് യാതൊരു മുതല്‍മുടക്കുമില്ലാതെ വൈദ്യുതി വിതരണം നടത്തി ലാഭം കൊയ്തെടുക്കുവാനും ലാഭം ഇടിയുകയാണെങ്കില്‍ മതിയാക്കി പോകുവാനും അവര്‍ക്ക് സാധിക്കും. അകത്തേക്ക് പ്രവേശിക്കുവാനും, പുറത്തേക്ക് പോകുവാനും യാതൊരു തടസ്സവുമില്ല. ഇങ്ങനെ വന്‍കിട കമ്പനികള്‍ക്ക് എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും കറന്റ് നല്‍കുവാനുള്ള ബാധ്യതയൊന്നും നിയമം വ്യവസ്ഥ ചെയ്യുന്നില്ല.

നല്ല തോതില്‍ ലാഭം ലഭിക്കുന്ന വന്‍കിട ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കളെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി അവര്‍ തട്ടിയെടുക്കും. അതേപോലെതന്നെ ലാഭകരമായി ബിസിനസ് നടത്തുവാന്‍ കഴിയുന്ന നഗര പ്രദേശങ്ങളും, വ്യവസായ വാണിജ്യ കേന്ദ്രങ്ങളും അവര്‍ കയ്യടക്കും. ഈ വിഭാഗം ഉപഭോക്താക്കളും പ്രദേശങ്ങളും നഷ്ടമാകുന്നതോടെ പൊതുമേഖലാ വിതരണ കമ്പനികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും. ബഹുഭൂരിഭാഗം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കാര്‍ഷിക, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും പിന്നോക്ക വിദൂര ഗ്രാമീണ മേഖലകള്‍ക്കും മാത്രം വൈദ്യുതി നല്‍കുന്ന സ്ഥാപനമായി പൊതുമേഖലാ കമ്പനികള്‍ മാറും.

മേല്‍ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് ക്രോസ് സബ്സിഡിയിലൂടെയാണ്. അതായത് സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടിയ നിരക്ക് ഈടാക്കി ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കുന്നു. ഫലത്തില്‍ ക്രോസ് സബ്സിഡി ഇല്ലാതാവുകയാണ് ചെയ്യുന്നത്. നിയമത്തില്‍ യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും നിയമപരമായ ബാധ്യതയില്ലാത്തതിനാല്‍ തന്നെ അത് പ്രായോഗികമാവില്ലെന്നത് ഉറപ്പുള്ള കാര്യമാണ്.

ക്രോസ് സബ്സിഡി ഇല്ലാതാകുന്നതോടെ സാധാരണക്കാരുടെ വൈദ്യുതിചാര്‍ജ്ജ് കുത്തനെ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. കാര്‍ഷിക-വ്യാവസായിക മേഖലയ്ക്കുള്ള വൈദ്യുതിയുടെ നിരക്കും ഉയരും. പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അപ്രാപ്യമാവും. വൈദ്യുതി വില ഉയരുന്നതോടെ കൃഷിയും വ്യവസായവും മുരടിക്കും. അതുകൊണ്ടാണ് കഴിഞ്ഞ ഏഴ് മാസക്കാലമായി തുടരുന്ന ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒരു മുദ്രാവാക്യമായി ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ പിന്‍വലിക്കുക എന്നത് ഉള്‍പ്പെടുത്തിയത്.

വന്‍കിട ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്നതോടെ സാമ്പത്തിക തകര്‍ച്ച നേരിടേണ്ടിവരുന്ന പൊതുമേഖലാ കമ്പനികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് വിതരണ ലൈനുകള്‍ നവീകരിക്കുവാനും കൃത്യമായി പരിപാലിക്കുവാനും കഴിയാതെ വരും. പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിനും ഗുണമേന്മയുള്ള തടസ്സ രഹിതമായ വൈദ്യുതി നല്‍കുവാനും കഴിയാതെവരും. ഒരേ ലൈനുകളിലൂടെ അനേകം കമ്പനികള്‍ വൈദ്യുതി വിതരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളും നേരിടേണ്ടതായി വരും.

വൈദ്യുതി വിതരണ മേഖലയില്‍ തികഞ്ഞ അരാജകത്വമാണ് പുതിയ നിയമത്തിലൂടെ സംഭവിക്കുക. സംസ്ഥാന സര്‍ക്കാരുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് കണ്‍കറന്ർറ് ലിസ്റ്റിലുള്ള വൈദ്യുതി സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് നിയമം ഭേദഗതി ചെയ്യുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുള്ള വൈദ്യുതി സംബന്ധിച്ച് മൗലിക മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന നിയമം നിര്‍മ്മിക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി അഭിപ്രായ സമന്വയത്തില്‍ എത്തുവാനുള്ള ജനാധിപത്യപരമായ ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.

2020 ഏപ്രില്‍ 7 ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തുവിട്ട ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ സംബന്ധിച്ച് 2020 ജൂലൈയില്‍ സംസ്ഥാന ഊര്‍ജ്ജ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശക്തമായ വിയോജിപ്പുകള്‍ അറിയിച്ചിരുന്നതാണ്. തുടര്‍ന്ന് സംസാരിച്ച കേന്ദ്ര ഊര്‍ജ്ജ മന്ത്രി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാം എന്നും, ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ 2021 ഫെബ്രുവരി 5 ന് ഏകപക്ഷീയമായി പുതിയ കരട് (ഭേദഗതി) നിയമം പ്രസിദ്ധപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. തുടര്‍ന്ന് സംസ്ഥാന ഊര്‍ജ്ജ മന്ത്രിമാരെ ഒഴിവാക്കി ഉദ്യോഗസ്ഥരുടെ യോഗമാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ പോലും നിരവധി സംസ്ഥാനങ്ങള്‍ ബില്ലിലെ വ്യവസ്ഥകളോട് വിയോജിപ്പുകള്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ അതൊന്നും മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.

1991 മുതല്‍ തന്നെ രാജ്യത്തെ വൈദ്യുതി മേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചിരുന്നു. 2000 ത്തോടെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. അന്നത്തെ എന്‍.ഡി.എ ഗവണ്‍മെന്റ് ബില്‍-2000 അവതരിപ്പിച്ചു. അതിനെതിരെ ദേശീയതലത്തില്‍ വൈദ്യുതി ജീവനക്കാരുടെയും എഞ്ചിനീയര്‍മാരുടെയും ഫെഡറേഷനുകള്‍ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് എന്ന വിശാല വേദിക്ക് രൂപം കൊടുത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബില്‍ 2000-ത്തിലെ സ്വകാര്യവല്‍ക്കരണ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാണ് 2003 ല്‍ ഇലക്ട്രിസിറ്റി നിയമം -2003 പാര്‍ലമെന്റ് പാസ്സാക്കിയത്.

ഈ നിയമത്തിന്റെ ഭാഗമായാണ് രാജ്യത്തെ വൈദ്യുതി ബോര്‍ഡുകള്‍ മുഴുവന്‍ പൊളിച്ചടുക്കി കമ്പനികളാക്കിയത്. ഇലക്ട്രിസിറ്റി നിയമം- 2003 ന് എതിരെയും എന്‍.സി.സി.ഒ.ഇ.ഇ.ഇയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തി. ക്രോസ് സബ്സിഡി തുടരുവാനും ഗ്രാമീണ വൈദ്യുതീകരണം ഗവണ്‍മെന്റിനെക്കൊണ്ട് ഏറ്റെടുപ്പിക്കുവാനും അതിലൂടെ കഴിഞ്ഞു. എന്നാല്‍ പുതിയ നിയമത്തിലൂടെ സ്വകാര്യ ഉല്‍പാദന നിലയങ്ങള്‍ ഉയര്‍ന്നുവന്നു.

സ്വകാര്യകമ്പനികള്‍ ലാഭക്കൊതിയോടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തി വന്‍തോതില്‍ നിലയങ്ങള്‍ സ്ഥാപിച്ചു. ഇങ്ങനെ ഉയര്‍ന്നുവന്ന നിലയങ്ങളില്‍ വൈദ്യുതി ആവശ്യകത ഇല്ലാത്തതിനാല്‍ 50000 മെഗാവാട്ട് ശേഷിയുള്ള നിലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 75,000 കോടി രൂപയാണ് കിട്ടാക്കടമായി മാറിയത്.
ഉല്‍പ്പാദന മേഖലയില്‍ സ്വകാര്യമേഖല കടന്നുവന്നെങ്കിലും വിതരണ മേഖലയില്‍ സ്വകാര്യ മേഖലകള്‍ക്ക് ഉദ്ദേശിച്ച വിധത്തില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല.

ഒറീസ്സയടക്കമുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവന്ന സ്വകാര്യകമ്പനികള്‍ അമ്പേ പരാജയമായി. രാജ്യത്തെ ഇരുപതോളം നഗരങ്ങളിലെ ഫ്രാഞ്ചൈസികളും പരാജയമായി മാറി. എന്നാല്‍ പരാജയപ്പെട്ട പരീക്ഷണങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ തീവ്രമായ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. 2014 ല്‍ ഒന്നാം മോഡി ഗവണ്‍മെന്റ് ഈ ലക്ഷ്യത്തോടെ ഇലക്ട്രിസിറ്റി (ഭേദഗതി) ബില്‍ 2014 ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും കടുത്ത പ്രക്ഷോഭങ്ങളും സംസ്ഥാനങ്ങളുടെ എതിര്‍പ്പും കാരണം പാസ്സാക്കുവാന്‍ കഴിഞ്ഞില്ല.

2018 ല്‍ വീണ്ടും മറ്റൊരു ബില്‍ അവതരിപ്പിച്ചു. പിന്നീട് രണ്ടാം മോഡി ഗവണ്‍മെന്റ് 2020 ലും ഇപ്പോള്‍ 2021 ലും കരട് ബില്ലുകള്‍ പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ അവതരിപ്പിച്ച ബില്ലിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇയുടെ ആഭിമുഖ്യത്തില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നുവരികയാണ്. ജൂലൈ 19ന് പാര്‍ലമെന്റ്സമ്മേളനം ആരംഭിച്ച ദിവസം തന്നെ പുതിയ ഘട്ടം പ്രക്ഷോഭവും ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും വമ്പിച്ച പ്രതിഷേധ റാലികള്‍ നടന്നു. കേരളത്തില്‍ 1000 കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ വൈദ്യുതി ജീവനക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റവിചാരണ ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ബഹുജന കണ്‍വെന്‍ഷനുകള്‍ നടന്നുവരുന്നു. ജൂലൈ 29ന് തിരുവനന്തപുരത്ത് നടന്ന ബഹുജന കണ്‍വന്‍ഷന്‍ ബഹു:വിദ്യുച്ഛക്തി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിന്റെ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ നിരവധി പ്രമുഖരായ നേതാക്കള്‍ പങ്കെടുത്തു. തുടര്‍ന്ന് എല്ലാ ജില്ലകളിലും ബഹുജന കണ്‍വെന്‍ഷനുകള്‍ നടന്നുവരുന്നു. പ്രാദേശിക തലത്തില്‍ എല്ലാ വര്‍ഗ്ഗ-ബഹുജന സര്‍വീസ് സംഘടനാ നേതാക്കളേയും ജനപ്രതിനിധികളേയും പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് ബഹുജന കൂട്ടായ്മകള്‍ നടത്തി വരുന്നു.

ഓഗസ്റ്റ് 1 ന് മുഴുവന്‍ വൈദ്യുതി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മറ്റു മേഖലകളിലുള്ള അനേക ലക്ഷം തൊഴിലാളികളുടെയും വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ഓഗസ്റ്റ് 3 മുതല്‍ 6 വരെ ദല്‍ഹിയില്‍ ജന്തര്‍മന്തറില്‍ രാജ്യത്തെ നാല് മേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ ധര്‍ണ്ണ നടത്തും. ആഗസ്റ്റ് 10ന് അഖിലേന്ത്യാ വ്യാപകമായി പണിമുടക്കും. വൈദ്യുതി വിതരണ മേഖലയെ സ്വകാര്യ കുത്തക കമ്പനികളുടെ മേച്ചില്‍പ്പുറമാക്കി പാവങ്ങള്‍ക്ക് വൈദ്യുതി നിഷേധിക്കുന്നതും രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയെ തകര്‍ക്കുന്നതുമായ വൈദ്യുതി (ഭേദഗതി) നിയമത്തിനെതിരായ പോരാട്ടം ഒരു വലിയ ജനകീയ പ്രക്ഷോഭമായി വളരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Privatisation of electricity distribution in india

ജയപ്രകാശ് .കെ

ജനറല്‍ സെക്രട്ടറി, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു)