| Sunday, 9th March 2025, 3:09 pm

ഉത്തര്‍പ്രദേശില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സ്വകാര്യ സര്‍വകലാശാല; ചാന്‍സിലറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ആസ്ഥാനമായ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ചാന്‍സലര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, രജിസ്ട്രാര്‍, ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022ല്‍ രാജസ്ഥാനിലെ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഓം പ്രകാശ് ജോഗീന്ദര്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം. രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിന്നാലെ സമാനമായി തന്നെ യു.പിയിലെ ജഗദീഷ് സിങ് സര്‍വകലാശാലയിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം വ്യാജ ബി.പി.എഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കണ്ടെത്തിയെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പൊലീസ് വി.കെ സിങ് പറഞ്ഞു.

പരീക്ഷയിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകളും പശ്ചാത്തലങ്ങളും പരിശോധിക്കുന്നതിനിടെയാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിഷയം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ആള്‍മാറാട്ടം നടത്തിയതായും ഇത്തരത്തിലാണ് യോഗ്യത നേടിയതെന്നും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം 2022ലെ പി.ടി.ഇ പരീക്ഷ എഴുതിയ 254 പേരില് 108 പേര്‍ക്ക് വ്യാജ ബിരുദമുള്ളതായും എന്നാല്‍ സര്‍വകലാശാലയുടെ കണക്ക് പ്രകാരം 100 പേര്‍ക്ക് മാത്രമേ ബിരുദം നല്‍കിയിട്ടുള്ളൂവെന്നുമാണ് കണക്ക്.

വെരിഫിക്കേഷന്‍ പ്രക്രിയയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ജെ.എസ്. സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും അപേക്ഷാ പ്രക്രിയയില്‍ അവര്‍ മറ്റൊരു സര്‍വകലാശാലയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എസ്.ഒ.ജി സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് ചാന്‍സലര്‍ സുകേഷ് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജ ഡിഗ്രി റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷം ജനുവരിയില്‍ സര്‍വകലാശാലയ്ക്ക് പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നതില്‍ നിന്ന് യു.ജി.സി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlight: Private university in Uttar Pradesh issued fake degree certificates; Three people including chancellor arrested

Latest Stories

We use cookies to give you the best possible experience. Learn more