|

സ്വകാര്യ സര്‍വകലാശാല; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കരട് ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കണമെന്നാണ് ബില്ലിലെ പ്രധാന നിര്‍ദേശം. നേരത്തെ, സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സി.പി.ഐ.എം രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ തീരുമാനത്തില്‍ കൂടുതല്‍ ചര്‍ച്ചയും പഠനങ്ങളും വേണമെന്ന് ഘടകകക്ഷിയായ സി.പി.ഐ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ അസാന്നിധ്യത്തില്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെക്കുകയും ചെയ്തിരുന്നു.

ഇടതുപാര്‍ട്ടികളുടെ യുവജന-വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എ തുടങ്ങിയവരും കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നിലവില്‍ ഈ അഭിപ്രായങ്ങളെയെല്ലാം മറികടന്നാണ് മന്ത്രിസഭ കരട് ബില്ലിന് അംഗീകാരം നല്‍കിയത്. ശ്യാം ബി. കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ നാല് സ്ഥാപനങ്ങളുടെ അപേക്ഷ സര്‍ക്കാരിന് മുമ്പാകെ ഉണ്ടെന്നാണ് വിവരം. ഇതില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നുള്ളവയും ഒന്ന് സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനവുമാണ്.

സ്വകാര്യ സര്‍വകലാശാല ബില്ലിന് പുറമെ വയോജന കമ്മീഷന്‍ ബില്ലും നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം, സംസ്ഥാനത്ത് ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ 20ഓളം സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താത്പര്യമറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതില്‍ മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിമാന, റെയില്‍ സൗകര്യങ്ങളുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് നിക്ഷേപം അനുമതി നല്‍കാന്‍ പദ്ധതിയിടുന്നത്.

Content Highlight: Private University; Cabinet approved the draft bill

Latest Stories